എരുമേലി: നാടിന്റെ ഒരുമയ്ക്ക് ചന്തമേകിയ ചന്ദനക്കുടാഘോഷം കാണാൻ പേട്ടക്കവലയിൽ തിങ്ങിനിറഞ്ഞത് ആയിരങ്ങൾ. മസ്ജിദിൽനിന്ന് പുറപ്പെട്ട് ക്ഷേത്രത്തിൽ എത്തി നാടുചുറ്റിയ ചന്ദനക്കുടാഘോഷ റാലി തിരിച്ചു മസ്ജിദിൽ എത്തിയത് പുലരാറായപ്പോൾ. ഗജവീരന്മാരും വാദ്യമേളങ്ങളും ചെണ്ടമേളവും ശിങ്കാരിമേളവും ജിണ്ട് കാവടിയും നിലക്കാവടിയും തമ്പോലം പോപ്പർ ഇവന്റും ഉൾപ്പെടെ കലാ പ്രകടനങ്ങൾ നിറഞ്ഞ റാലി നാടിന് വശ്യമായ കാഴ്ചയായി.
ഇന്നലെ രാത്രി ഏഴോടെ ആരംഭിച്ച ചന്ദനക്കുടാഘോഷ സമ്മേളനം ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. വിദ്വേഷമില്ലാത്ത എരുമേലിയാണ് രാജ്യത്തിന്റെ അഭിമാനമെന്ന് അദ്ദേഹം പറഞ്ഞു. ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്ത അദ്ദേഹം എരുമേലിയുടെ മതമൈത്രി നൽകുന്ന സന്ദേശം രാജ്യത്തിന്റെ മതേതരത്വം കൂടിയാണെന്ന് പറഞ്ഞു.
ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, എസ്പി ഷാഹുൽ ഹമീദ്, എഡിഎം ജിനു പുന്നൂസ്, ജില്ലാ പഞ്ചായത്തംഗം ആശ ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസ്, എരുമേലി അസംപ്ഷൻ ഫൊറോന വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ സംഘടനാ ഭാരവാഹികൾ, ജമാഅത്ത് ഭാരവാഹികൾ ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുത്തു.
ചന്ദനക്കുടം ഘോഷയാത്രയ്ക്ക് കൊച്ചമ്പലത്തിന് മുന്നിൽ പേട്ടക്കവലയിൽ ജില്ലാ ഭരണകൂടത്തിന്റെയും റവന്യു വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി. വ്യാപാരി വ്യവസായി സംഘടനകളും പോലീസ്, ആരോഗ്യ, എക്സൈസ് വകുപ്പുകളും സ്വീകരണം നൽകി. രാജാപ്പടിയിൽ കെഎസ്ആർടിസി അധികൃതരും ഡ്രൈവേഴ്സ് യൂണിയനും കെഎസ്ഇബി സെക്ഷൻ ഓഫീസും നൽകിയ സ്വീകരണത്തിന് ശേഷം വലിയമ്പലത്തിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഘോഷയാത്രയെ സ്വീകരിച്ചു