കബീർ ഖാൻ സംവിധാനം ചെയ്ത ‘ചന്ദു ചാമ്പ്യൻ’എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനമാണു ബോളിവുഡ് യുവതാരം കാർത്തിക് ആര്യന് മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കാനിടയായത്.
ചിത്രത്തിലൂടെ ഇന്ത്യയുടെ ആദ്യ പാരലിമ്പിക് സ്വർണമെഡൽ ജേതാവ് മുരളി കാന്ത് പേട്കറുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ കാർത്തിക് നടത്തിയ ശാരീരിക മാറ്റങ്ങളും അഭിനയവും സിനിമാലോകത്ത് വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ചിത്രത്തിൽ തന്റെ ജീവിതം അവിസ്മരണീയമാക്കിയ കാർത്തിക് ആര്യൻ രാജ്യത്തെ ഏറ്റവും ഉയർന്ന ചലച്ചിത്ര ബഹുമതിയായ ദേശീയ പുരസ്കാരത്തിന് അർഹനാണെന്ന് മുരളി കാന്ത് പേട്കർ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
ബോളിവുഡിൽ യാതൊരുവിധ ഗോഡ്ഫാദർമാരുമില്ലാതെ സ്വന്തം പ്രയത്നം കൊണ്ടു മാത്രം വളർന്നു വന്ന നടനാണ് 36കാരനും അവിവാഹിതനുമായ കാർത്തിക്. മധ്യപ്രദേശിലെ ഗ്വാളിയർ സ്വദേശിയായ അദ്ദേഹം എൻജിനിയറിംഗ് പഠനത്തിനായി മുംബൈയിലെത്തി പഠനത്തോടൊപ്പം ഒട്ടനവധി ഓഡിഷനുകളിൽ പങ്കെടുത്താണ് സിനിമയിലെത്തുന്നത്.
2011ൽ പുറത്തിറങ്ങിയ ‘പ്യാർ കാ പഞ്ച്നാമ’എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഈ ചിത്രത്തിലെ കാർത്തിക്കിന്റെ നീളമേറിയ മോണോലോഗ് സംഭാഷണം യുവാക്കൾക്കിടയിൽ വൻ തരംഗമായി മാറി.
തുടക്കത്തിൽ ചോക്ലേറ്റ് ഹീറോ വേഷങ്ങളിലാണു തിളങ്ങിയതെങ്കിലും 2018ൽ പുറത്തിറങ്ങിയ ‘സോനു കേ ടിറ്റു കി സ്വീറ്റി’എന്ന ചിത്രത്തിന്റെ വൻ വിജയം കാർത്തിക്കിന്റെ കരിയർ മാറ്റിമറിച്ചു.