'രാക്ഷസ വേട്ട' സിനിമയിലെ നടൻ സിദ്ദിഖിന്റെ മാസ് ക്യാരക്ടർ ലുക്ക് പുറത്തുവിട്ടു. സിദ്ദിഖിന്റേത് ഒരു പൊലിസ് വേഷമെന്ന സൂചനയും പോസ്റ്റർ നൽകുന്നുണ്ട്.
നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദിഖ് മുഴുനീള ആക്ഷൻ ഹീറോയായി എത്തുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രാഹകനും 'സ്വാമി അയ്യപ്പൻ' എന്ന ചിത്രത്തിലൂടെ സംവിധായകനായതുമായ വിഷ്ണു വെഞ്ഞാറമൂടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസ്ക്വയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി അരുണാണ് നിർമാണം.
സൈക്കോളജിക്കൽ ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. നാട്ടിൽ നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലൂടെ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ ഉദ്യേഗത്തിന്റെ മുൾമുനയിൽ നിർത്തും.
സിദ്ദിഖിനൊപ്പം സാജു നവോദയ, കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലികാസുകുമാരൻ, സുധി കോപ്പ, ജസീല പ്രവീൺ, രാജേഷ് കൊട്ടാരത്തിൽ, ഹരി ഊതുമൂന്ന്, സുജിത് കോന്നി, സജു പാർത്ഥസാരഥി, ശ്രീജു സോണി തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.
ശ്യാം അരവിന്ദമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതം ഷാനുവും പശ്ചാത്തല സംഗീതം സൗരവ് ചെന്നൈയും നിർവഹിക്കുന്നു.
വാഗമൺ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന 'രാക്ഷസ വേട്ട' വിസ്മയിപ്പിക്കുന്ന ദുരൂഹതകളും മികച്ച ആക്ഷൻ രംഗങ്ങളും കൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.