കണ്ണൂർ: രണ്ട് ഏജന്‍സികള്‍ അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തുവെന്ന പ്രത്യേകതയുണ്ട് അരിയിൽ ഷുക്കൂര്‍ വധക്കേസിന്. ആദ്യം കേരള പൊലിസും പിന്നീട് സിബിഐയുമാണു കേസ് അന്വേഷിച്ചത്. രണ്ട് ഏജൻസികളും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്, ടി.വി. രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരേ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി 2019 ജനുവരി നാലിനാണ് സിബിഐ അഡീഷണല്‍ എസ്പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തലശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2018 സെപ്റ്റംബര്‍ 18ന് കൊച്ചി പ്രത്യേക സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും മടക്കിയിരുന്നു.
കേസ് തലശേരി സെഷന്‍സ് കോടതിയുടെ പരിഗണനയിലാണെന്ന നിഗമനത്തിലും ലോക്കല്‍ പൊലിസിന്റെ കുറ്റപത്രം തലശേരി സെഷന്‍സ് കോടതിക്കു മുമ്പാകെയാണെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതി കുറ്റപത്രം മടക്കിയത്. തുടര്‍ന്നാണ് കുറ്റപത്രം തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
നേരത്തേ കേസില്‍ വളപട്ടണം സിഐയായിരുന്ന യു. പ്രേമന് തലശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ പി. ജയരാജനും ടി.വി. രാജേഷിനുമെതിരേ കുറ്റകൃത്യമറിഞ്ഞിട്ടും മറച്ചുവച്ചുവെന്ന കുറ്റത്തിന് 118-ാം വകുപ്പാണ് ചുമത്തിയിരുന്നത്. എന്നാൽ, സിബിഐ കുറ്റപത്രത്തില്‍ 302, 120 ബി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇരുവരും കുറ്റക്കാരാണെന്നു പറഞ്ഞിരുന്നു.
രണ്ടു മാധ്യമ പ്രവര്‍ത്തകരുടെയും രണ്ടു മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെയും മൊഴിയടങ്ങിയ കുറ്റപത്രത്തില്‍ പി. ജയരാജനുള്‍പ്പെടെ 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയിട്ടുള്ളതെന്നു വ്യക്തമാക്കിയിട്ടുണ്ട്. പി. ജയരാജന് കിടന്ന മുറിക്കുള്ളില്‍ വച്ചും പുറത്തുവച്ചും ഗൂഢാലോചന നടത്തിയതായി സിബിഐ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു.