ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ) സേവനങ്ങളിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ.
ഉയർന്ന തുകയുടെ യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ ) ഈടാക്കാൻ വഴിയൊരുക്കുന്ന നിയമഭേദഗതി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു.
‘പേമെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിൽ’ഭേദഗതി വരുത്തിയാണ് ഭാവിയിൽ ഈ ഫീസ് ഈടാക്കാനുള്ള നിയമപരമായ അധികാരം സർക്കാർ കൈവരിക്കുന്നത്.
സാധാരണക്കാർക്കു നിരക്ക് വർധനവില്ല
ഉദ്ദേശിക്കുന്ന ഫീസ് ഉപഭോക്താക്കളിൽനിന്നല്ല, മറിച്ച് വൻകിട വ്യാപാരികളിൽനിന്നാണ് ഈടാക്കാൻ ഉദ്ദേശിക്കുന്നത്. അതിനാൽ സാധാരണക്കാരുടെ യുപിഐ ഇടപാടുകൾ തുടർന്നും സൗജന്യമായിരിക്കും.
വൻ ബാധ്യത
2020 മുതൽ നിലനിൽക്കുന്ന സൗജന്യ യുപിഐ നയം കാരണം ഡിജിറ്റൽ പേമെന്റ് കമ്പനികൾക്കും ബാങ്കുകൾക്കും വൻ തുക സാങ്കേതികച്ചെലവായി വരുന്നുണ്ട്. ഈ മേഖലയിൽ കൂടുതൽ നിക്ഷേപവും സുരക്ഷയും ഉറപ്പാക്കാൻ തങ്ങൾക്ക് വരുമാനം ആവശ്യമാണെന്ന വ്യവസായ ലോകത്തിന്റെ ആവശ്യപ്രകാരമാണ് ഈ നീക്കം.
അതേസമയം, നിലവിൽ ആലോചിക്കുന്നത് നിയമഭേദഗതി മാത്രമാണ്. എപ്പോൾ മുതൽ ഫീസ് നടപ്പിലാക്കും, എത്ര ശതമാനമായിരിക്കും നിരക്ക് എന്നീ കാര്യങ്ങളിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഔദ്യോഗിക ഉത്തരവ് വരുന്നതുവരെ നിലവിലെ സൗജന്യ യുപിഐ സേവനം തുടരും.
2,000 രൂപയ്ക്കു മുകളിൽ
2,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾ നടത്തുന്ന വൻകിട സ്ഥാപനങ്ങൾക്ക് (വാർഷിക വിറ്റുവരവ് 1.5 കോടി രൂപയ്ക്ക് മുകളിലുള്ളവർ) 0.3% മുതൽ 0.5% വരെ ഫീസ് ചുമത്താനാണ് കേന്ദ്രം ആലോചിക്കുന്നത്.
ചെറുകിട വ്യാപാരികൾക്ക് ഇളവ്
ചെറുകിട വ്യാപാരികളെയും കട ഉടമകളെയും ഈ ഫീസിൽനിന്ന് ഒഴിവാക്കും.