തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്കായി ചാർട്ടേഡ് ട്രിപ്പ് സംവിധാനം ഒരുക്കി കെഎസ്ആർടിസി. വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്തസംഘങ്ങൾക്കും ആവശ്യാനുസരണം ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
യാത്രക്കാരുടെ എണ്ണം, യാത്ര ആരംഭിക്കുന്ന സ്ഥലം, തീയതി, സമയം, യാത്രയുടെ ദൈർഘ്യം എന്നിവ പരിഗണിച്ച് പ്രത്യേക സർവീസുകൾ ക്രമീകരിക്കും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മുഖേനയാണ് ചാർട്ടേഡ് ട്രിപ്പുകൾ ഒരുക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആരംഭിച്ച 24 മണിക്കൂർ കൺട്രോൾ റൂമിലെ കെഎസ്ആർടിസി ബുക്കിംഗ് കൗണ്ടർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി സി.പി. ജോൺ ഇക്കാര്യം അറിയിച്ചത്.
വിവിധ ഡിപ്പോകൾക്കും പ്രത്യേക സർവീസ് കേന്ദ്രങ്ങൾക്കും സമീപമുള്ള ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്ക് പ്രത്യേക സർവീസുകളും നടത്തും. തീർഥാടകർക്ക് വിശ്രമിക്കാനും വിരിവയ്ക്കാനുമുള്ള സൗകര്യങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. കൺട്രോൾ റൂമിന്റെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു.