കുറ്റ്യാടി: മലയോര ഹൈവേ കടന്നുപോകുന്ന തൊട്ടില്‍പാലം, ചാത്തന്‍കോട്ടുനട, പൂതംപാറ മേഖലകളിലെ റോഡ് നിര്‍മാണ പ്രവൃത്തി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം എംഎല്‍എ കെ.എം. അഭിജിത്തിന് ചാത്തന്‍കോട്ടുനട സോഫിയ ഇടവക നിവേദനം നല്കി. താമരശേരി രൂപതയുടെ നിര്‍ദേശ പ്രകാരമാണ് ഇടവക വികാരി ഫാ. എബിന് ചെത്തിപ്പുഴയുടെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചത്.
താമരശേരി ചുരത്തിലെ നിരന്തരമായ ഗതാഗതക്കുരുക്കും അപകടഭീഷണിയും കാരണം നല്ലൊരു ശതമാനം ജനങ്ങളും ഇപ്പോള്‍ വയനാട്ടിലേക്ക് യാത്ര ചെയ്യാന്‍ ബദല്‍ പാതയായ കുറ്റ്യാടി ചുരത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ കുറ്റ്യാടി ചുരത്തിലെ പക്രന്തളം മുതല്‍ തൊട്ടില്‍പാലം വരെയുള്ള റോഡിന്റെ വീതിക്കുറവും തകര്‍ച്ചയും വലിയ യാത്രാക്ലേശത്തിന് കാരണമാകുന്നുണ്ട്.
ഓവുചാലില്‍ മണ്ണു മൂടിയതിനാല്‍ മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടുണ്ടാകുന്നുണ്ട്. കാവിലുംപാറ പഞ്ചായത്തില്‍ മലയോര ഹൈവേയുടെ ഭാഗമായി നടക്കുന്ന ഒന്നാംഘട്ട പ്രവൃത്തികള്‍ നിലവില്‍ മന്ദഗതിയിലാണ്.
ഈ പണികള്‍ വേഗത്തിലാക്കി കോഴിക്കോട്, വയനാട് ജില്ലക്കാരുടെ യാത്രാപ്രശ്നത്തിന് അടിയന്തര പരിഹാരം കാണണം.
രണ്ടാംഘട്ടമായ പൂതംപാറ മുതല്‍ തൊട്ടില്‍പാലം വരെയുള്ള റോഡിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിച്ച് നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബത്തേരി-ഗുണ്ടില്‍പേട്ട റോഡിലെ വനപാതയില്‍ രാത്രികാല ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ബംഗളൂരു, മൈസൂര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് പോകുന്നവര്‍ക്ക് കുറ്റ്യാടി ചുരം റോഡ് ഏറെ പ്രയോജനകരമാണ്.