റായ്പൂർ: ഛത്തീസ്ഗഢിലെ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി ലക്ഷങ്ങൾ വിലമതിക്കുന്ന ബാത്ത്റൂം ഫിറ്റിങ്സുകളും 73 സ്റ്റീൽ ടാപ്പുകളും കവർന്ന് കള്ളന്മാർ. സർഗുജ ജില്ലയിലെ അംബികാപൂരിലുള്ള കോൺഗ്രസ് ജില്ലാ ആസ്ഥാനമായ 'രാജീവ് ഭവനി'ലാണ് വിചിത്രമായ ഈ മോഷണം നടന്നത്.
ഓഫീസിലെ വിലകൂടിയ ടാപ്പുകളെല്ലാം അഴിച്ചെടുത്ത ശേഷം, പോകുന്നതിന് മുൻപായി കള്ളന്മാർ തറയിലെ പൊടിയിൽ ഐ ലവ് യു അംബികാപൂർ എന്ന് വിരൽകൊണ്ട് എഴുതിവെച്ചിട്ടാണ് കടന്നുകളഞ്ഞത്.
നഗരത്തിലെ ഏറ്റവും തിരക്കേറിയതും അതീവ സുരക്ഷയുള്ളതുമായ വിഐപി മേഖലയിലാണ് ഈ കവർച്ച നടന്നിരിക്കുന്നത് എന്നത് പോലീസിനെയും കോൺഗ്രസ് നേതൃത്വത്തെയും ഒരേപോലെ അമ്പരപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് നിഗമനം.
പിറ്റേന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഓഫീസിലെ ഒട്ടുമിക്ക ബാത്ത്റൂമുകളിലെയും ബേസിനുകളും ഫ്ലഷ് ടാങ്കുകളും തകർത്ത നിലയിലായിരുന്നു.
യാതൊരുവിധ ഭയവുമില്ലാതെ, കൃത്യമായ ആസൂത്രണത്തോടെയും സമയമെടുത്തുമാണ് കള്ളന്മാർ ടാപ്പുകൾ ഓരോന്നായി അഴിച്ചെടുത്തതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.