ഉദയഗിരി: കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം തമ്പടിക്കുന്നത് കർഷകരുടെ ജീവിതം ദുരിതത്തിലാക്കുന്നു. കേരള-കർണാടക അതിർത്തിമേഖലയായ ഉദയഗിരി പഞ്ചായത്തിലെ ചീക്കാട്-നമ്പ്യാർമല പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായത്.
ദിവസങ്ങളായി മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം വ്യാപകമായ കൃഷിനാശമാണ് വരുത്തുന്നത്. വിളവെടുപ്പിന് പാകമായ വാഴ, കമുക്, തെങ്ങ് തുടങ്ങി കൃഷിയിടങ്ങളിലെ വിവിധ വിളകൾ ആനകൾ ചവിട്ടിമെതിച്ച് നശിപ്പിക്കുകയാണ്. രാത്രിയിൽ കൃഷിയിടങ്ങളിലെത്തുന്ന ആനക്കൂട്ടം പകൽസമയത്തും പ്രദേശത്ത് തുടരുന്നത് ജനങ്ങളുടെ ഭീതിയേറ്റുന്നു.
കാട്ടാനകളെ ഭയന്ന് പുലർച്ചെ റബർ ടാപ്പിംഗിന് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് കർഷകർ നേരിടുന്നത്. റബർ തോട്ടങ്ങളിൽ ആനക്കൂട്ടം നിലയുറപ്പിച്ചതോടെ ടാപ്പിംഗ് മുടങ്ങുകയും വരുമാനം നിലയ്ക്കുകയും ചെയ്തു. ഇതോടെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
നമ്പ്യാർമലയിലെ സതീഷ് വടക്കേവീട്ടിൽ, രാമചന്ദ്രൻ മംഗലത്ത്, അനീഷ് ചോയിമഠത്തിൽ, ജോസഫ് പാലത്തിനാൽ, ടോമി പാലത്തിനാൽ, ലൂക്ക ചെരുവിൽ, ജയരാജൻ എടാട്ട്, രഞ്ജിത്ത് മുതിരക്കാല തുടങ്ങി നിരവധി കർഷകർക്ക് കാട്ടാനശല്യത്തിൽ കനത്ത കൃഷിനാശം നേരിട്ടു. ആനശല്യം തടയാൻ അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.
പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും മറ്റുമാണ് നിലവിൽ ആനകളെ തുരത്തുന്നത്. പ്രശ്നത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് വനംമന്ത്രിക്ക് പരാതി നൽകാനുള്ള തീരുമാനത്തിലാണ് കർഷകർ.