ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിലെ ചെന്നടുക്കത്തും സമീപപ്രദേശങ്ങളിലും ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജില്ലാ പ്രാണിജന്യരോഗ നിയന്ത്രണ കേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കെ.പി. പ്രകാശ്, ടി.വി. ടോമി, ജില്ലാ പ്രാണിജന്യരോഗ നിയന്ത്രണ ഓഫീസർ കെ.വി. ഗിരീഷ്, മൗക്കോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സൂര്യ രാഘവൻ, ആരോഗ്യപ്രവർത്തകരായ വി.വി. സുരേഷ് കുമാർ, വൈ. അഷ്റഫ്, കെ.ആർ. ശരത്, എം. ജിജിമോൾ, എം. ശിഖ എന്നിവരും ആശ-കുടുംബശ്രീ പ്രവർത്തകരും നേതൃത്വം നൽകി.
ബോധവത്കരണ പ്രവർത്തനങ്ങൾക്കൊപ്പം ഗൃഹസന്ദർശനം, ഉറവിട നശീകരണം, ലഘുലേഖ വിതരണം, ഈഡിസ് കൊതുകുകളെ കണ്ടെത്താനുള്ള സർവേ, ഫോഗിംഗ്, സ്കൂൾ കുട്ടികൾക്കുള്ള ബോധവത്കരണ ക്ലാസ് എന്നിവയും നടത്തി.