ചെന്നൈ: ഐപിഎൽ 2026ലെ നിർണായക പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഉജ്ജ്വല വിജയം. ചെന്നൈയുടെ തട്ടകമായ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിനാണ് ശുഭ്മാൻ ഗില്ലും സംഘവും ആതിഥേയരെ പരാജയപ്പെടുത്തിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ഡൽഹി ക്യാപിറ്റൽസിനെ മറികടന്ന് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ ഗുജറാത്തിനായി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ 158 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് വെറും 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ സായ് സുദർശനും നായകൻ ശുഭ്മാൻ ഗില്ലും നൽകിയ മികച്ച തുടക്കമാണ് ഗുജറാത്തിന് വിജയം അനായാസമാക്കിയത്.