ചേര്‍ത്തല: വാഹനാപകടത്തില്‍ പരിക്കേറ്റയാളുടെ മുറിവില്‍നിന്നും 63 ദിവസത്തിനു ശേഷം ശസ്ത്രക്രിയയിലുടെ ചില്ലുകഷ്ണങ്ങള്‍ പുറത്തെടുത്ത സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച ആശുപത്രിയിലെത്തിയ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.എസ്. ദിലീപ് കുമാര്‍ പരാതിക്കാരനായ രാധാകൃഷ്ണപിള്ളയില്നിന്നും വിശദമായ മൊഴിയെടുത്തു.
ഇതിനുശേഷം ആശുപത്രിയിലെ ചികിത്സാരേഖകളും അന്വേഷണസംഘം പരിശോധിച്ചു. അപകടശേഷം രാധാകൃഷ്ണപിള്ളയെ നോക്കിയ ഡോക്ടറില്‍നിന്നും സൂപ്രണ്ട്, ആര്‍എംഒ മറ്റു ഡോക്ടര്‍മാരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നാലു ദിവസത്തിനകം ആരോഗ്യവകുപ്പിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഡിസംബര്‍ 16നു കളവംകോടത്ത് ഓട്ടോമറിഞ്ഞുണ്ടായ അപകടത്തിലാണ് രാധാകൃഷ്ണപിള്ള പരിക്കേറ്റു ചേര്‍ത്തല താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സതേടിയെത്തിയത്.
അപകടത്തില്‍ ഓട്ടോയുടെ ചില്ലുകള്‍ രാധാകൃഷ്ണപിള്ളയുടെ വലതു കൈയുടെ മുട്ടിന്റെ മുകളില്‍ തറച്ചുകയറി. ഡോക്ടര്‍ വിശദമായി പരിശോധിക്കാതെ മുറിവില്‍ ഡ്രസ് ചെയ്തു വിടുകയാണുണ്ടായതെന്നാണ് പരാതി. ഇതിനുശേഷം രണ്ടു തവണ മുറിവില്‍ ഡ്രസുചെയ്യാനെത്തിയിട്ടും ചില്ലുകള്‍ കണ്ടെത്താനായില്ല. രണ്ടുമാസം പിന്നിട്ടിട്ടും മുറിവ് ഉണങ്ങാതെ വന്നപ്പോഴാണ് സ്വകാര്യാശുപത്രിയില്‍ ചികിത്സതേടിയത്.
പരിശോധനയിലാണ് ചില്ലുകഷണങ്ങള്‍ പുറത്തെടുത്തത്.അതേത്തുടര്‍ന്നാണ് പരാതി നല്‍കിയത്. രോഗിക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ സൂപ്രണ്ട് ഖേദം അറിയിച്ചു. ഇനി മറ്റൊരാള്‍ക്കും ഇത്തരത്തില്‍ സംഭവിക്കാതിരിക്കാന്‍ നടപടി സ്വീകിരിക്കുമെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സൂപ്രണ്ട് ഡോ.എസ്.ആര്. ആമിന പറഞ്ഞു.