ചങ്ങനാശേരി: അഗതികളുടെ സഹോദരിമാരുടെ സന്യാസസമൂഹത്തിന്റെ (സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട്) പ്രൊവിന്‍സ്തല ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ചെത്തിപ്പുഴയിലുള്ള എസ്ഡി സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ഇന്ന് രണ്ടിന് നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
എസ്ഡി സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ദീപ്തി ജോസ് വയലില്‍ എസ്ഡി അധ്യക്ഷത വഹിക്കും. കേരള ഗവണ്മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മുഖ്യാതിഥിയായിരിക്കും.
കൊടിക്കുന്നില്‍ സുരേഷ് എംപി, വിനു ജോബ് എംഎല്‍എ, ചങ്ങനാശേരി ഡിവൈഎസ്പി ആഷാദ് എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവര്‍ പ്രസംഗിക്കും.
എസ്ഡി സന്യാസിനികളുടെ കരുതലില്‍ വളര്‍ന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചവരെ ഈ സമ്മേളനത്തില്‍ ആദരിക്കും.
സെന്റിനറി മെമ്മോറിയലായി നിര്‍മിച്ച കാരുണ്യഭവനത്തിന്റെ സമര്‍പ്പണവും വാഴപ്പള്ളി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പുതിയതായി ആരംഭിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനവും പ്രൊവിന്‍സിന്റെ വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ അരികെ പ്രോജക്ടില്‍ നൂറാമത്തെ കുട്ടിയെ ഉള്‍പ്പെടുത്തുന്ന ചടങ്ങും ഇതോടൊപ്പം നടക്കും.