മുംബൈ: മുംബൈയിൽ വിവിധ കേന്ദ്രങ്ങളിൽ വൻ ബോംബ് സ്ഫോടനമുണ്ടാകുമെന്ന് ഇ മെയിലിലൂടെ ഭീഷണി.
ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളം, മുംബൈ മേയറുടെ ഓഫീസ്, ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ വസതിയായ ‘ജൽസ’, മഹാലക്ഷ്മി സ്റ്റേഡിയം, പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖകൾ എന്നിവ ബോംബുവച്ചു തകർക്കുമെന്നായിരുന്നു ഭീഷണി.
വ്യാഴാഴ്ച രാവിലെ 10.52നാണ് reduak079@ gmail. com എന്ന മെയിലിൽനിന്ന് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഖലിസ്ഥാൻ, ഖലിസ്ഥാൻ നാഷണൽ ആർമി എന്നീ പേരുകളും ഇ-മെയിലിൽ പരാമർശിച്ചിട്ടുണ്ട്.
ഇതിനിടെ പൂന മുനിസിപ്പൽ കോർപറേഷൻ ആസ്ഥാനത്തും മേയറുടെ ഓഫിസിലും ബോംബ് സ്ഫോടനം നടത്തുമെന്ന മറ്റൊരു ഇ-മെയിലും ലഭിച്ചു. ഉച്ചയ്ക്ക് 3.11ന് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.ഇതേത്തേടുർന്ന് കോർപറേഷൻ ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
ബോംബ് സ്ക്വാഡിനെയും സ്ഥലത്തെത്തിച്ചിരുന്നു. അതേസമയം, ജൂൺ 10നും നവംബർ 3നും സമാനമായ ഭീഷണി സന്ദേശങ്ങൾ പൂന മുനിസിപ്പൽ കോർപറേഷനു ലഭിച്ചിരുന്നു. ഇവയെല്ലാം വ്യാജ ഭീഷണികളാണെന്ന് കണ്ടെത്തിയിരുന്നു.