മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമായി മുന്നേറുന്നതിനിടെ, ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെച്ച് പ്രതിഷേധിച്ച സംഭവം ജനശ്രദ്ധ നേടുന്നു.
ഛത്രപതി സംഭജിനഗർ ജില്ലയിലാണ് ക്രമക്കേട് നടത്തിയ കടയുടമയെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാരോപിച്ച് എഫ്ഡിഎ ഉദ്യോഗസ്ഥന് നേരെ രോഷാകുലരായ ജനക്കൂട്ടം തിരിഞ്ഞത്.
പ്രാദേശിക കടയിൽ നിന്ന് വാങ്ങിയ മിക്സ്ചർ കഴിച്ചതിനെ തുടർന്ന് രണ്ടുവയസുള്ള കുട്ടിക്ക് ശാരീരിക അസ്വസ്ഥതയും തലകറക്കവും അനുഭവപ്പെട്ടിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് രക്ഷിതാക്കളും പ്രദേശവാസികളും ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചത്.
എന്നാൽ ഉദ്യോഗസ്ഥൻ എത്തുന്നതിന് മുൻപ് തന്നെ പരാതിക്കിടയാക്കിയ മിക്സ്ചർ കടയിൽ നിന്ന് മാറ്റിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ നിരവധി ബിസ്ക്കറ്റ് പാക്കറ്റുകൾ കണ്ടെത്തി പിടിച്ചെടുത്തെങ്കിലും കടയുടമയ്ക്കെതിരെ കർശന നിയമനടപടിയെടുക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല.
വ്യാപാരിയിൽ നിന്ന് കൈക്കൂലി വാങ്ങി കേസ് ഒതുക്കിതീർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ജനങ്ങൾ ഉദ്യോഗസ്ഥനെ വളഞ്ഞത്. പിടിച്ചെടുത്ത പഴകിയ ബിസ്ക്കറ്റുകൾ ഉദ്യോഗസ്ഥന്റെ വായിലേക്ക് നിർബന്ധിച്ച് തള്ളിക്കയറ്റാൻ ചിലർ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.