മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ വഴിയോരക്കടയിൽ നിന്ന് ചിക്കൻ ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് 53 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 17 കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടുന്നു. ഭിവണ്ടിയിലെ വഞ്ചാർ പാറ്റി നാക്കയ്ക്ക് സമീപമുള്ള കടയിൽ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
രണ്ട് വയസുള്ള കുട്ടി മുതൽ 40 വയസുവരെയുള്ളവരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. ആകെ രോഗബാധിതരായ 53 പേരിൽ 11 പുരുഷന്മാരും 25 സ്ത്രീകളും 17 കുട്ടികളുമാണുള്ളത്. ഷവർമ കഴിച്ചതിന് പിന്നാലെ പലർക്കും ഛർദി, വയറിളക്കം, പനി എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുകയായിരുന്നു.
രോഗബാധിതരെ ഭിവണ്ടിയിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ സബ്-ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഭിവണ്ടി-നിസാംപൂർ മുനിസിപ്പൽ കോർപ്പറേഷൻ മെഡിക്കൽ ഓഫിസർ ഡോ. സന്ദീപ് ഗഡേക്കർ അറിയിച്ചു.
സംഭവത്തിൽ പൊലിസ് കടയുടമയ്ക്കെതിരെ കേസെടുത്തു. കടയുടമ നിലവിൽ ഒളിവിലാണെന്നും പൊലിസ് വ്യക്തമാക്കി.
തിങ്കളാഴ്ച ഷവർമ കഴിച്ചതിന് പിന്നാലെ പിറ്റേന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത വിധം അവശനായെന്നും ആശുപത്രിയിൽ എത്തിയപ്പോഴാണ് സമാനമായ രീതിയിൽ നിരവധി പേർ ചികിത്സ തേടിയ വിവരം അറിഞ്ഞതെന്നും ചികിത്സയിൽ കഴിയുന്ന ഒരാൾ പറഞ്ഞു. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.