ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധത്തിനിടെ സുപ്രീംകോടതി വളപ്പിൽ നടന്ന സംഭവങ്ങളിൽ രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് സൂര്യകാന്തിനെതിരായ ട്വീറ്റുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ കെപിസിസിക്കും കോടതി നോട്ടീസ് അയച്ചു. ആർക്കും കോടതിയെ ഭീഷണിപ്പെടുത്താനാകില്ലെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
അതേസമയം ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേ രാഹുൽ ഗാന്ധി ഉൾപ്പെടെ 19 പ്രതിപക്ഷ നേതാക്കൾ നൽകിയ ഹർജികളടക്കം പരിഗണിച്ചു. ഹർജികളിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ഗ്യാനേഷ് കുമാറിനും കോടതി നോട്ടീസ് അയച്ചു. സമാനമായ മറ്റ് കേസുകൾക്കൊപ്പം ഹർജികൾ പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
എന്നാൽ കേസ് അടുത്തതായി പരിഗണിക്കുമ്പോൾ ഹർജിക്കാരിൽ ഒരാളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള വിശദീകരണം ആദ്യം ലഭിക്കണമെന്ന് ചീഫ് ജസ്റ്റീസ് കർശന നിലപാടെടുത്തു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സുപ്രീംകോടതി രജിസ്ട്രിയിലേക്ക് പ്രവേശിച്ച സംഭവത്തിലാണ് കോടതിയുടെ അതൃപ്തി. രജിസ്ട്രിയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
വനിതാ മാധ്യമപ്രവർത്തകയെ രാഹുൽ ഗാന്ധി തള്ളിയെന്ന പരാതിയും പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റീസിനെതിരായ കോൺഗ്രസിന്റെ കേരള ഘടകത്തിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജിയിലും കെപിസിസിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കോടതിയെ ഭീഷണിപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കോടതിക്ക് അറിവുണ്ടെന്നും പറഞ്ഞു.