തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേയുള്ള യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന്റെ പരസ്യവിമർശനം സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി പറയുന്നില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
സർക്കാരിന്റെ ഒരു കാര്യവും ചർച്ച ചെയ്യുന്നില്ലെന്ന യുഡിഎഫ് കണ്‍വീനറുടെ വിമർശനം സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
അടൂർ പ്രകാശിന്റെ പരാതിയിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡ് വിശദീകരണം ചോദിച്ചോ എന്ന ചോദ്യത്തിന് എന്നോട് ആരും ഒരു വിശദീകരണവും ചോദിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആവർത്തിച്ചുള്ള ചോദ്യത്തിന് ഹൈക്കമാൻഡിന്റെ ജോലി അതാണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
രണ്ടു കൈയും കൂട്ടിയടിച്ചാൽ മാത്രമേ ശബ്ദമുണ്ടാകൂ. കണ്‍വീനറുടെ വിമർശനങ്ങൾക്കു മറുപടി പറയുന്നില്ല. മുഖ്യമന്ത്രി പാർട്ടിക്കു വിധേയനാണ്. വിമർശനങ്ങൾക്ക് അതീതനല്ല. സർക്കാരിന്റെ നയപരമായ കാര്യങ്ങൾ പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ആലോചിച്ചാണ് തീരുമാനിക്കുന്നത്.
ദൈനംദിന കാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിയില്ല. കെപിസിസി പ്രസിഡന്റ്, രണ്ട് കെപിസിസി മുൻ പ്രസിഡന്റുമാർ, മുതിർന്ന പാർട്ടി നേതാക്കൾ, പി.ജെ. ജോസഫ് ഒഴികെയുള്ള ഘടകകക്ഷി നേതാക്കൾ മന്ത്രിസഭയിലുണ്ട്. പാർട്ടിയിൽ വലുതെന്നോ ചെറുതെന്നോ ഭേദമില്ലാതെ ആർക്കും വിമർശിക്കാം.
രാഹുൽ ഗാന്ധിയുമായി ഒറ്റയ്ക്കു കണ്ടപ്പോൾ, പിഎംശ്രീ പദ്ധതി ഒഴിവാക്കാൻ നിർദേശിച്ചെന്നായിരുന്നു വാർത്ത. ഞങ്ങൾ തമ്മിൽ അതു സംസാരിച്ചിട്ടേ ഇല്ലായിരുന്നു. പിന്നീട് വയനാട്ടിലെ ചില വിഷയങ്ങൾ പ്രിയങ്കയുമായി ചർച്ച ചെയ്തപ്പോൾ മറ്റു പല വാർത്തകൾ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണപരിഷ്കാര കമ്മിഷനും ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധിയും അവശ്യമുള്ളതാണ്. ആസൂത്രണ കമ്മിഷൻ ഒഴിവാക്കി നീതി ആയോഗിലേക്ക് മാറിയപ്പോൽ പ്ലാനിംഗ് മാറി പദ്ധതികളിലേക്കു മാറി. കഴിഞ്ഞ സർക്കാരിന് 25 ശതമാനം കേന്ദ്ര പദ്ധതികളിലേക്ക് അപേക്ഷിക്കാൻ പോലും കഴിഞ്ഞില്ല.
ഡൽഹിയിൽ നല്ല ബന്ധമുള്ള ജി. ദേവരാജനെയാണ് ഈ സ്ഥാനത്തു വച്ചത്. സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളും ഭരണ പരിഷ്കാര കമ്മിഷനുമായി കൂടി ബന്ധപ്പെട്ടതാണ്. ഇവിടെയും ധൂർത്ത് കുറച്ചു കമ്മിഷൻ നടപ്പാക്കുകയാണ് സർക്കാർ.