ബർലിൻ: വടക്കൻ ജർമനിയിലെ സ്റ്റാഡെയിലെ(Stade) അമ്മയും കുഞ്ഞും താമസിക്കുന്ന പുനരധിവാസ കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. അഞ്ച് പേർ സംഭവസ്ഥലത്തും, ഗുരുതരമായി പരിക്കേറ്റ ആറാമത്തെയാൾ വൈകുന്നേരത്തോടെ ആശുപത്രിയിലുമാണ് മരണമടഞ്ഞത്. കൊല്ലപ്പെട്ടവരിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു.
ക്രൂരമായ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറുപേരും സ്റ്റാഡെ യുവജന കേന്ദ്രത്തിലെ (Mutter-Kind-Heim) ജീവനക്കാരാണ്. കേന്ദ്രത്തിൽ അഭയം തേടിയിരുന്ന അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിട്ടില്ല. ഇവർ സുരക്ഷിതരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഹാനോവർ സ്വദേശിയായ 45 വയസുകാരനാണ് വെടിയുതിർത്ത പ്രധാന പ്രതി. ജർമനിയിൽ ജനിച്ച് വളർന്ന തുർക്കി പൗരനായ ഇയാൾ മുൻപും ചില ഭീഷണിക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ക്രിമിനൽ പശ്ചാത്തലമുള്ളയാളല്ല. ഇയാൾക്ക് തോക്ക് കൈവശംവയ്ക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല.
പ്രതിയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണാവകാശവുമായി (Sorgerechtsstreit) ബന്ധപ്പെട്ട തർക്കമാണ് വലിയ കൂട്ടക്കൊലയിലേക്ക് നയിച്ചത്. കുട്ടിയുടെ അവകാശത്തെക്കുറിച്ച് സംസാരിക്കാൻ ഇന്ന് ഈ കേന്ദ്രത്തിൽ ഒരു ഔദ്യോഗിക മീറ്റിംഗ് നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് പ്രതി അക്രമാസക്തനായത്.
കൊലപാതകത്തിന് ശേഷം പ്രതിയും മറ്റൊരു സ്ത്രീയും കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് തടഞ്ഞു. നിർദ്ദേശം ലംഘിച്ച് മുന്നോട്ട് പോയ വാഹനത്തിന് നേരെ പോലീസ് 10 മുതൽ 15 റൗണ്ട് വരെ വെടിയുതിർക്കുകയും ടയറുകൾ തകർത്ത് കാർ നിർത്തുകയുമായിരുന്നു. കാർ ഓടിച്ചിരുന്ന 65 കാരിയായ സ്ത്രീയെയും, കുട്ടിയുടെ അമ്മയായ 34 കാരിയെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
രാജ്യം ഞെട്ടലിൽ, അനുശോചനം അറിയിച്ച് ചാൻസലർ:
മറ്റുള്ളവരെ സംരക്ഷിക്കാൻ ശ്രമിച്ച നിരപരാധികളായ ജീവനക്കാർ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ ഒന്നടങ്കം ഉലച്ചുവെന്ന് ജർമ്മൻ ചാൻസലർ ഫ്രെഡറിഷ് മെർസ് പറഞ്ഞു.