കൊച്ചി: പെരുമ്പാവൂരിലെ മൂന്ന് വയസുകാരന്റെ മരണത്തിൽ രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടിയുടെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് നടപടി. കുട്ടിയുടെ ശരീരത്തിൽ കെട്ടിടത്തിൽ നിന്ന് വീണുണ്ടായ പരിക്കല്ലെന്നും ശക്തമായി ഇടിച്ചതിനെ തുടർന്നുണ്ടായ പരിക്കാണെന്നുമാണ് പ്രാഥമിക വിവരം.
കുട്ടിയെ രണ്ടാനച്ഛൻ മൊഹേശ്വർ മർദിച്ചിരുന്നതായി അമ്മ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. കുട്ടിയെ നിരന്തരം മർദിച്ചിരുന്നതായി അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്. കുട്ടി കെട്ടിടത്തിൽ നിന്ന് വീണാണ് മരിച്ചതെന്നായിരുന്നു രണ്ടാനച്ഛൻ പൊലിസിനോട് പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ ഈ വാദത്തിന് വിരുദ്ധമാണ്.
തലയ്ക്കേറ്റ ആഘാതമാണ് മരണകാരണമെന്നും ശക്തമായി ഇടിച്ചതിനെ തുടർന്നുണ്ടായ പരിക്കാണെന്നുമാണ് കണ്ടെത്തൽ. കുട്ടിയുടെ മുഖത്തും ശരീരത്തിലും പരിക്കുകളുടെ പാടുകളും ഉണ്ടായിരുന്നു. ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചതിന് പിന്നാലെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ സംശയം ഉയർന്നതോടെ പൊലിസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.