ഇന്ത്യയിൽ ഒരു കുട്ടിയെ ജനിപ്പിച്ച് 18 വയസുവരെ വളർത്തിയെടുക്കണമെങ്കിൽ ശരാശരി 1.39 കോടി രൂപയോളം ചിലവാകുമെന്ന ഒരു ഇൻസ്റ്റാഗ്രാം ക്രിയേറ്ററുടെ അവകാശവാദം ഇന്റർനെറ്റിൽ വലിയ രീതിയിലുള്ള തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
വിഖ്യാത് എന്ന ക്രിയേറ്ററാണ് താൻ എന്തുകൊണ്ടാണ് കുട്ടികൾ വേണ്ടെന്ന തീരുമാനം എടുത്തത് എന്ന് വ്യക്തമാക്കിക്കൊണ്ട് ഈ സാമ്പത്തിക കണക്കുകൾ നിരത്തുന്ന വീഡിയോ പങ്കുവെച്ചത്.
ഗർഭകാലത്തെ ആശുപത്രി ചിലവുകൾ മുതൽ വിദ്യാഭ്യാസവും കളിപ്പാട്ടങ്ങളും താമസസൗകര്യവും വരെ ഒരു കുട്ടിക്ക് വേണ്ടി വരുന്ന ഓരോ ചെറിയ കാര്യങ്ങളും അപഗ്രഥിച്ചാണ് ഇയാൾ ഇത്രയും വലിയൊരു തുകയിലേക്ക് എത്തിയത്.
എന്നാൽ ഈ കണക്കുകളേക്കാൾ ഉപരി, മാതാപിതാക്കളാകുന്നതിനെ ഒരു ആഡംബര സ്പോർട്സ് കാർ സ്വന്തമാക്കുന്നതിനോട് താരതമ്യം ചെയ്തതാണ് കാഴ്ചക്കാരെ ചൊടിപ്പിച്ചത്.
കുട്ടിയെ വളർത്താൻ ഈ തുക ചെലവഴിക്കുന്നതിന് പകരം ബിഎംഡബ്ല്യുവിന്റെ പ്രീമിയം മോഡൽ കാർ വാങ്ങാമെന്ന ഇയാളുടെ പ്രസ്താവന എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ രൂക്ഷമായ വിമർശനത്തിന് ഇരയായി.
മാതൃത്വത്തെയും പിതൃത്വത്തെയും കേവലം ഒരു സാമ്പത്തിക ഇടപാടായി ചുരുക്കി കാണിച്ചതാണ് ആളുകളിൽ അമർഷമുണ്ടാക്കിയത്. ഒരു ജീവന്റെ മൂല്യത്തെ വണ്ടിയുമായി ഉപമിച്ചതിനെതിരെ നിരവധി ആളുകളാണ് പ്രതികരിച്ചത്.
രാജ്യത്ത് ജീവിതച്ചിലവ് കുതിച്ചുയരുന്ന സാഹചര്യം ശരിയാണെന്ന് സമ്മതിക്കുമ്പോഴും, ഒരു കുട്ടി നൽകുന്ന സ്നേഹവും സന്തോഷവും പണം കൊണ്ട് അളക്കാനാകില്ലെന്ന് മാതാപിതാക്കൾ ഓർമ്മിപ്പിക്കുന്നു.
സ്വന്തം കുഞ്ഞിന്റെ ഒരു പുഞ്ചിരിക്ക് മുന്നിൽ കോടികളുടെ കണക്കുകൾ നിസാരമാണെന്നും സാമ്പത്തിക ശാസ്ത്രത്തിന്റെ അളവുകോലുകൾ വച്ച് അളക്കേണ്ട ഒന്നല്ല കുടുംബബന്ധങ്ങളെന്നും ചൂണ്ടിക്കാട്ടി ക്രിയേറ്റർക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.