കോട്ടയം: പാട്ടും ഡാൻസുമായി മൗണ്ട് കാർമൽ സ്കൂൾ ഹോസ്റ്റലിലെ വിദ്യാർഥികൾ ദുരിതാശ്വാസ ക്യാന്പിലെത്തിയപ്പോൾ ക്യാമ്പിലെ കുട്ടികൾക്കും സന്തോഷം. പിന്നെ മണിക്കൂറുകൾ നീണ്ട ആഘോഷം. കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ ക്യാന്പിലാണ് ഇന്നലെ ഉച്ചമുതൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ കൂട്ടികൾക്കായി വിനോദ പരിപാടികൾ ഒരുക്കിയത്.
സ്കൂൾ ഹോസ്റ്റലിലെ കുട്ടികളും ജൂണിയർ റെഡ്ക്രോസ് വോളണ്ടിയർമാരും ഗൈഡ് വിഭാഗത്തിലെ വിദ്യാർഥിനികളുമാണ് സ്ക്രീനിലെ ഹിറ്റ് പാട്ടുകൾക്കൊത്ത് ക്യാമ്പിലെ കുട്ടികൾക്കൊപ്പം നൃത്തം ചെയ്തത്. കുട്ടികൾക്കായി വീഡിയോ പ്രദർശനവും മറ്റു വിനോദ പരിപാടികളും സംഘടിപ്പിച്ചു.
മുനിസിപ്പൽ ചെയർമാൻ എം.പി. സന്തോഷ് കുമാർ കുട്ടികളെ സന്ദർശിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എ.എസ്. ജെയ്ൻ, ലിറ്റിൽ കൈറ്റ് മാസ്റ്റർ പി.ഡി. ബിന്ദുമോൾ, സിസ്റ്റർ ഷെർലിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇവിടുത്തെ ക്യാമ്പിലുള്ള 324 പേരിൽ 62 കുട്ടികളുണ്ട്.