ബംഗുളൂരു: കർണാടകയിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ സ്കൂളിൽ ക്രൂരമായി മർദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
വടക്കൻ കർണാടകയിലെ ബാഗൽകോട്ട് നഗരത്തിലെ നവഗർ പ്രദേശത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ ദിവ്യജ്യോതി സ്കൂളിലാണ് സംഭവം.
ആൺകുട്ടിയെ ബെൽറ്റും പ്ലാസ്റ്റിക് പൈപ്പും ഉപയോഗിച്ച് മർദ്ദിക്കുകയും കണ്ണിൽ മുളകുപൊടി എറിയുകയും ചെയ്തു. നിലത്തു വീണു വേദന കൊണ്ട് പുളഞ്ഞ കുട്ടി കരഞ്ഞിട്ടും, മർദനം തുടർന്നു.
സംഭവത്തിലെ പ്രധാന പ്രതി അക്ഷയ് ഇന്ദുൽക്കറാണ്. ഇയാളുടെ ഭാര്യ ആനന്ദിയാണ് ആൺകുട്ടിയുടെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയയാൾ ആക്രമണം തടയുന്നതിനു പകരം ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം. സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ് വീഡിയോ പുറത്തുവിട്ടത്.
സംഭവത്തിൽ മർദനമേറ്റ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. കേസ് എടുത്തുവെന്ന് പോലീസ് അറിയിച്ചു. അക്ഷയ്, ഭാര്യ, സ്കൂളുമായി ബന്ധമുള്ള മറ്റ് രണ്ട് പേർ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു.