ന്യൂഡൽഹി: ഇന്ത്യയെ തന്ത്രപരമായി സമ്മർദ്ദത്തിലാക്കാൻ പാകിസ്ഥാനെ ചൈന ആയുധമാക്കുന്നുവെന്ന് യുഎസ്-ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷന്റെ റിപ്പോർട്ട്. ഇന്ത്യയെ സമ്മർദത്തിലാക്കാൻ ചൈന സൈനിക, സാമ്പത്തിക, സമുദ്രസുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടിലെ പ്രധാന വിലയിരുത്തൽ.
പ്രതിസന്ധി ഘട്ടങ്ങളിൽ നേരിട്ടുള്ള സൈനിക ഇടപെടലുകൾ ഒഴിവാക്കി പാകിസ്ഥാന് നിർണായക പിന്തുണ നൽകാൻ ചൈനയ്ക്ക് സാധിക്കുന്നുണ്ടെന്നതിന് 2025-ലെ ഇന്ത്യ - പാക് സംഘർഷം ഉദാഹരണമായി കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. വർധിച്ചുവരുന്ന ചൈന - പാക് സൈനിക സഹകരണം ഇന്ത്യയ്ക്ക് മുന്നിൽ ഇരട്ടയുദ്ധ ഭീഷണി സൃഷ്ടിക്കുന്നതിനൊപ്പം ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് നാവിക സാന്നിധ്യം മേഖലയിലെ ഇന്ത്യയുടെ തന്ത്രപ്രധാന മേധാവിത്വത്തെ ചോദ്യം ചെയ്യുന്നതായും റിപ്പോർട്ട് അടിവരയിടുന്നു. എന്നാൽ, ഈ പരാമർശങ്ങളോട് ഇന്ത്യൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.