ന്യൂഡല്‍ഹി: ചൈനീസ് വിസ അഴിമതിക്കേസില്‍ തനിക്കെതിരെ കുറ്റം ചുമത്തിയ വിചാരണ കോടതി നടപടിക്കെതിരെ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയോട് മറുപടി തേടി. കേസിലെ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന കാര്‍ത്തിയുടെ ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചു.
2025 ഡിസംബര്‍ 23നാണ് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി കാര്‍ത്തി ചിദംബരത്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരവും ഗൂഢാലോചന കുറ്റവും ചുമത്തി വിചാരണയ്ക്ക് ഉത്തരവിട്ടത്. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ കൈക്കൂലി ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ യാതൊരു തെളിവുമില്ലെന്നും വിചാരണ കോടതി രേഖകള്‍ ശരിയായി പരിശോധിച്ചില്ലെന്നുമാണ് കാര്‍ത്തിയുടെ വാദം.
സിബിഐയോട് വിശദീകരണം ചോദിച്ചെങ്കിലും, വിചാരണാ നടപടികള്‍ ഇപ്പോള്‍ സ്‌റ്റേ ചെയ്യാന്‍ ജസ്റ്റിസ് മനോജ് ജയിന്‍ വിസമ്മതിച്ചു. അടുത്ത ഹിയറിംഗില്‍ സിബിഐ മറുപടി നല്‍കിയ ശേഷം ഇക്കാര്യം പരിഗണിക്കും. 2011ല്‍ പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ, പഞ്ചാബിലെ ഒരു പവര്‍ പ്ലാന്റ് നിര്‍മ്മാണത്തിനായി 263 ചൈനീസ് പൗരന്മാര്‍ക്ക് നിയമവിരുദ്ധമായി വിസ അനുവദിക്കാന്‍ 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നാണ് സിബിഐയുടെ ആരോപണം.