ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന് ചൈന സാങ്കേതിക സഹായം നൽകിയെന്ന റിപ്പോർട്ടിൽ പാർലമെന്റിൽ അടിയന്തര ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സൈനിക നടപടിക്കിടെ ചൈന പാക്കിസ്ഥാന് തത്സമയ വിവരങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും നൽകി സഹായിച്ചെന്ന സൈനിക വൃത്തങ്ങളുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് കോൺഗ്രസിന്റെ ഈ ആവശ്യം.
ഓപ്പറേഷൻ സിന്ദൂരിന്റെ ഒന്നാം വാർഷികവേളയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശാണ് കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
അതിർത്തിയിൽ ചൈന ഭീഷണിയുയർത്തുകയും പാക്കിസ്ഥാനെ സൈനികമായി സഹായിക്കുകയും ചെയ്യുമ്പോൾ എന്തിനാണ് മോദി സർക്കാർ ചൈനയുമായുള്ള വ്യാപാര നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ലഡാക്കിലെ ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ തുടരുന്ന സാഹചര്യത്തിൽ ചൈനീസ് നിക്ഷേപങ്ങൾക്കും ഇറക്കുമതിക്കും സർക്കാർ കൂടുതൽ ഇളവുകൾ നൽകുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും കോൺഗ്രസ് ആരോപിച്ചു.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും ലക്ഷ്യങ്ങൾ തകർക്കാനും ചൈന പാക്കിസ്ഥാന് കൃത്യമായ വിവരങ്ങൾ കൈമാറിയെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്. ജനറൽ രാഹുൽ സിംഗ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.