മനുഷ്യചരിത്രത്തെ പലപ്പോഴും മാറ്റിമറിച്ചിട്ടുള്ളതു വമ്പന്‍ യുദ്ധങ്ങളോ മഹാസാമ്രാജ്യങ്ങളോ ആയിരുന്നില്ല. പ്രത്യുത, മനുഷ്യന്റെ ചില കണ്ടുപിടിത്തങ്ങളായിരുന്നു. അവയില്‍ ഒന്നാണ് നാം വടക്കുനോക്കിയന്ത്രം എന്നു പറയുന്ന കോമ്പസ്.
വടക്കുനോക്കിയന്ത്രമില്ലാതെ ഒരു കപ്പല്‍ വിശാലമായ സമുദ്രത്തിലൂടെ യാത്രചെയ്യുകയാണെന്നു കരുതുക. ചുറ്റും വെള്ളം മാത്രം. കര അകലെ എവിടെയോ മറഞ്ഞിരിക്കുന്നു. രാത്രി മേഘങ്ങള്‍ നക്ഷത്രങ്ങളെ മറച്ചെന്നിരിക്കും. പകല്‍ കാര്‍മേഘങ്ങളും കൊടുങ്കാറ്റും മഴയും സൂര്യനെ മറച്ചേക്കാം. അപ്പോള്‍, ഏതു ദിശയിലേക്കാണു യാത്ര ചെയ്യേണ്ടതെന്നു നാവികര്‍ക്ക് അറിയാതെപോകുന്നു.
തന്മൂലം അവര്‍ സാധിക്കുന്നിടത്തോളം കരയോടു ചേര്‍ന്നാണ് യാത്ര ചെയ്തിരുന്നത്. തുറസായ സമുദ്രത്തിലേക്ക് കടക്കാന്‍ അവര്‍ ഭയപ്പെട്ടു. ധൈര്യം ഇല്ലാതിരുന്നതുകൊണ്ടല്ല, ദിശ അറിയാതിരുന്നതുകൊണ്ടാണ്. പിന്നീട് മനുഷ്യചരിത്രത്തെ മാറ്റിമറിച്ച ഒരു ചെറിയ ഉപകരണം രംഗപ്രവേശം ചെയ്തു, വടക്കുനോക്കിയന്ത്രം.
രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ചൈനയിലാണ് ആദ്യകാല വടക്കുനോക്കിയന്ത്രങ്ങള്‍ രൂപപ്പെട്ടതെന്നു ചരിത്രകാരന്മാര് കരുതുന്നു. ആദ്യം അവ യാത്രയ്ക്കല്ല, ദിക്കും ദിശയും സ്ഥലവും നിര്‍ണയിക്കാനാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ചൈനീസ് നാവികര്‍ അതു സമുദ്രയാത്രയ്ക്ക് ഉപയോഗിക്കാന്‍ തുടങ്ങി. ചൈനയില്‍നിന്ന് ഈ കണ്ടുപിടിത്തം അറബ് ലോകത്തേക്കും പിന്നീട് യൂറോപ്പിലേക്കും എത്തി.
അതിനുശേഷം ലോകം പഴയതുപോലെ ആയിരുന്നില്ല. ക്രിസ്റ്റഫര്‍ കൊളംബസ് അറ്റ്ലാന്റിക് സമുദ്രം കടന്നു. വാസ്കോഡഗാമ കടല്‍മാര്‍ഗം ഇന്ത്യയിലെത്തി. പോര്‍ച്ചുഗീസ് പര്യവേക്ഷകനായിരുന്ന ഫെര്‍ഡിനാന്‍ഡ് മഗല്ലന് 1519 മുതല്‍ 1522 വരെ യാത്രചെയ്ത് ലോകം ഉരുണ്ടതാണെന്നു പ്രായോഗികമായി തെളിയിച്ചു.
അതോടെ ലോകത്തിന്റെ ഭൂപടങ്ങള്‍ മാറി. വ്യാപാരം വളര്‍ന്നു. സംസ്കാരങ്ങള്‍ പരസ്പരം കണ്ടുമുട്ടി. അങ്ങനെ, ഒരു ചെറിയ സൂചി ലോകത്തിന്റെ ദിശതന്നെ മാറ്റിമറിച്ചു. ചരിത്രം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. വടക്കുനോക്കിയന്ത്രം ഇന്ന് നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ ജീവിതപാഠമുണ്ട്.
വടക്കുനോക്കിയന്ത്രം എന്താണ് ചെയ്യുന്നത്? അതിലും പ്രധാനമായി എന്താണ് അതു ചെയ്യാത്തത്? വടക്കുനോക്കിയന്ത്രം ഒരു കപ്പലിനോട് ലക്ഷ്യസ്ഥാനം പറയുന്നില്ല. അതു യാത്ര തീരുമാനിക്കുന്നില്ല. കപ്പല്‍ ഓടിക്കുന്നില്ല. അതു ചെയ്യുന്നത് ഒരു കാര്യം മാത്രം. വടക്ക് എവിടെയാണെന്നു കാണിച്ചുതരുന്നു. ബാക്കി തീരുമാനം യാത്രക്കാരന്റേതാണ്. നമ്മുടെ ജീവിതവും അങ്ങനെതന്നെയാണെന്നു പറയാം.
ഓരോ ദിവസവും നാം ഓരോ തീരുമാനങ്ങളെടുക്കുന്നു. എന്തു പറയണം, എന്തു ചെയ്യണം, ആരെ വിശ്വസിക്കണം, എന്തിനെ പിന്തുടരണം, എന്താണ് ശരി, എന്താണ് തെറ്റ് എന്നിങ്ങനെ നിരവധി തീരുമാനങ്ങള്‍. ഈ തീരുമാനങ്ങള്‍ക്കിടയില്‍ നമുക്ക് വടക്കുനോക്കിയന്ത്രംപോലെ ഒരു ദിക്കുസൂചി വേണം. നമുക്കുള്ള ആ ദിക്കുസൂചിയാണ് നമ്മുടെ മനസാക്ഷി.
മനസാക്ഷി നമുക്ക് ശരിയായ ദിശ കാണിച്ചുതരുന്നു. അതു പിന്തുടരണമോ വേണ്ടയോ എന്നു നാം തീരുമാനിക്കുന്നു. ദൈവം മനുഷ്യനു നല്‍കിയിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് ഈ സ്വാതന്ത്ര്യം.
എന്നാല്‍, ഒരു വടക്കുനോക്കിയന്ത്രം ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ അതിന്റെ സമീപത്ത് ശക്തമായ കാന്തം ഉണ്ടാകരുത്. കാരണം, കാന്തം അടുത്തുവന്നാല്‍ സൂചി തെറ്റായ ദിശയിലേക്കു തിരിയാന്‍ തുടങ്ങും. ദിക്കുസൂചിക്ക് തകരാറൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ, അതിന്റെ ദിശ മാറിയിരിക്കുന്നു.
നമ്മുടെ ജീവിതത്തിലും ഇതുതന്നെയാണു സംഭവിക്കുന്നത്. അഹങ്കാരം നമ്മുടെ മനസാക്ഷിയെ വഴിതെറ്റിക്കാം. അത്യാഗ്രഹം നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കാം. ക്രോധം വിവേകത്തെ മറയ്ക്കാം. അസൂയ നമ്മുടെ കാഴ്ചയ്ക്ക് മങ്ങലേല്പിക്കാം. ഭയം ശരിയെന്ന് അറിയാവുന്ന കാര്യങ്ങളില്‍നിന്നു നമ്മെ പിന്തിരിപ്പിക്കാം.
തന്മൂലമാണ്, നാം ഇടയ്ക്കിടെ നമ്മുടെ മനസാക്ഷിയെ ശരിയായ ദിശയിലേക്ക് തിരിക്കേണ്ടത്. പ്രാര്‍ഥനയും ധ്യാനവും ദൈവവചനവുമൊക്കെ അതിനു സഹായിക്കുന്നു. ഇവയൊക്കെപ്പോലെ ഏറ്റവും പ്രയോജനപ്രദമായ ഒരു കാര്യമാണ് ആത്മപരിശോധന. ഉപനിഷത്തുകളിലെ ഋഷിമാര്‍ മനുഷ്യന്റെ ഏറ്റവും വലിയ യാത്ര പുറംലോകത്തിലേക്കല്ല, അകത്തേക്കാണെന്നു പഠിപ്പിച്ചു.
കഠോപനിഷത്ത് പറയുന്നു, “സ്രഷ്ടാവ് മനുഷ്യന്റെ ഇന്ദ്രിയങ്ങളെ പുറംലോകത്തിലേക്കാണ് തിരിച്ചിരിക്കുന്നത്. എന്നാല്‍, അക്ഷയജീവിതം അന്വേഷിക്കുന്ന ജ്ഞാനികള്‍ അകത്തേക്കു തിരിഞ്ഞ് ആത്മസത്യത്തെ കണ്ടെത്തുന്നു” (2:1). മനസിനെ ശുദ്ധീകരിക്കാതെ സത്യം കണ്ടെത്താനാവില്ലെന്ന് അവര്‍ വിശ്വസിച്ചു.
ദൈവപുത്രനായ യേശുവിന്റെ സന്ദേശവും ഇതേ ആത്മീയയാത്രയിലേക്കാണു ക്ഷണിക്കുന്നത്. എന്നാല്‍, യേശു ആ യാത്രയുടെ ലക്ഷ്യം കൂടുതല്‍ വ്യക്തമായി വെളിപ്പെടുത്തുന്നു. മനുഷ്യന്റെ യഥാര്‍ഥ സമ്പത്ത് പുറംലോകത്തിലെ നേട്ടങ്ങളിലല്ല, പ്രത്യുത ദൈവവുമായുള്ള ജീവനുള്ള ബന്ധത്തിലാണെന്ന് അവിടന്ന് നമ്മെ പഠിപ്പിച്ചു. അതുകൊണ്ടാണ്, മലമുകളിലെ പ്രസംഗം ആരംഭിക്കുമ്പോള്‍ യേശു പറഞ്ഞത്,
“ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്, സ്വര്‍ഗരാജ്യം അവരുടേതാകുന്നു” (മത്തായി 5:3). സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞ് ദൈവത്തെ ആശ്രയിക്കുന്നവരാണ് യഥാര്‍ഥത്തില്‍ ഭാഗ്യവാന്മാര് എന്നതാണ് ആ വചനത്തിന്റെ കാതല്‍.
മറ്റൊരവസരത്തില്‍ യേശു നമ്മെ ജീവിതത്തിന്റെ അടിസ്ഥാന ചോദ്യത്തിലേക്കു നയിക്കുന്നു. “ഒരുവന് ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് എന്തു പ്രയോജനം.” (മര്‍ക്കോസ് 8:36). ഇന്നത്തെ ലോകത്ത് നാം അറിവും സമ്പത്തും സ്ഥാനമാനങ്ങളും സാങ്കേതികവിദ്യയും പിന്തുടരുന്നു. എന്നാല്‍, സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തി ലോകം മുഴുവന്‍ നേടിയാലും അതു വലിയ പരാജയമാണെന്ന് യേശു ഓര്‍മിപ്പിക്കുന്നു. പുറംലോകം കീഴടക്കുന്നതിനേക്കാള്‍ സ്വന്തം ഹൃദയത്തെ ദൈവത്തിലേക്കു തിരിക്കുക എന്നതിലാണ് യഥാര്‍ഥ വിജയം അടങ്ങിയിരിക്കുന്നത്.
മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, “നീതിന്യായ കോടതികളെക്കാള്‍ ഉയര്‍ന്ന ഒരു കോടതിയുണ്ട്. അതു മനസാക്ഷിയുടെ കോടതിയാണ്.” എത്ര ആഴമുള്ള ചിന്ത! നിയമങ്ങള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചേക്കാം. എന്നാല്‍ മനസാക്ഷിയാണ് നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്.
ഉപനിഷത്തുകള്‍ നമ്മെ അകത്തേക്കു നോക്കാന്‍ പഠിപ്പിക്കുന്നു. യേശു ആത്മീയയാത്രയുടെ ലക്ഷ്യം വെളിപ്പെടുത്തുന്നു. ആ ലക്ഷ്യമാകട്ടെ ദൈവവുമായി സജീവബന്ധം സ്ഥാപിച്ച് അവിടന്ന് പറയുന്നതുപോലെ ജീവിക്കുക എന്നതാണ്.
അതു സാധിക്കാന്വേണ്ടിയാണ് മനസാക്ഷി എന്ന ദിക്കുസൂചിയെ ദൈവം ഓരോ ഹൃദയത്തിലും സ്ഥാപിച്ചിരിക്കുന്നത്. ആ ദിക്കുസൂചി തെറ്റായ ദിശയിലേക്കു തിരിയാതിരിക്കാന്‍ അതിനു സമീപത്ത് ലൗകികമോഹങ്ങളുടെ കാന്തശക്തി ഒരിക്കലും നാം കൊണ്ടുവരരുത്.
ഒരു ചെറിയ സൂചി ലോകത്തിന്റെ ചരിത്രം മാറ്റിമറിച്ചു. നമ്മുടെ ഉള്ളിലുള്ള ദിക്കുസൂചിയായ മനസാക്ഷിക്കു നമ്മുടെ ജീവിതവും ശരിയായി മാറ്റിമറിക്കാന്‍ കഴിയും. കാരണം, അത് എപ്പോഴും സത്യത്തിലേക്കും നന്മയിലേക്കും ദൈവത്തിലേക്കും ചൂണ്ടിക്കാണിച്ചുകൊണ്ടാണിരിക്കുന്നത്. ആ ദിക്കുസൂചിയുടെ പാത നമുക്ക് എപ്പോഴും പിന്തുടരാം.