തൃശൂർ: വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിൽ ചേലക്കര ചിറങ്ങോണത്ത് ആംബുലൻസ് ബൈക്കിനു പിന്നിലിടിച്ചു മറിഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികനായ തൊഴൂപ്പാടം സ്വദേശി അർഷാദിനു പരിക്കേറ്റു. തിരുവില്വാമല നിറമാല ആഘോഷത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന എലിഫന്റ് സ്ക്വാഡിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. സംസ്ഥാനപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് മുന്നിൽ പോവുകയായിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ആംബുലൻസും ബൈക്കും റോഡിലേക്കു മറിയുകയും ബൈക്ക് യാത്രികൻ റോഡിൽനിന്ന് അൽപം ദൂരേക്കു തെറിച്ചുവീഴുകയുമായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന ജീവനക്കാർക്കും എലിഫന്റ് സ്ക്വാഡിലെ അംഗങ്ങൾക്കും നിസാര പരിക്കുണ്ട്.
ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണു രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.