സുക്മ (ഛത്തീസ്ഗഡ്): വീടും വീട്ടുപകരണങ്ങളും അക്രമികൾ തകർത്തതിനെത്തുടർന്ന് ഛത്തീസ്ഗഡിൽ എട്ടംഗ ക്രൈസ്തവകുടുംബത്തിന് സ്വന്തം ഗ്രാമം വിട്ട് പലായനം ചെയ്യേണ്ടിവന്നു. കഴിഞ്ഞ 16നാണു സംഭവമെന്ന് പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് അറിയിച്ചു.
വീട്ടിലുണ്ടായിരുന്ന സാധനസാമഗ്രികൾ അക്രമികൾ പുറത്തേക്കു വലിച്ചെറിഞ്ഞതോടെ ധാന്യങ്ങൾ, വസ്ത്രങ്ങൾ, കിടക്കകൾ, പാത്രങ്ങൾ, പ്രധാനപ്പെട്ട രേഖകൾ എന്നിവയെല്ലാം കുടുംബത്തിനു നഷ്ടമായി. പുതുതായി വാങ്ങിയ സൈക്കിൾ, 4,000 രൂപ, അഞ്ചു ഗ്രാം സ്വർണം എന്നിവയും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു. തുടർന്ന് വീട് ഇടിച്ചുനിരത്തിയതോടെ 16ന് രാവിലെ ഒമ്പതോടെ കുടുംബം ഗ്രാമം വിടാൻ നിർബന്ധിതരായി.
സ്വന്തം ഗ്രാമത്തിൽനിന്ന് ഏകദേശം 62 കിലോമീറ്റർ അകലെയുള്ള സുക്മയിലാണ് ഇവർ ഇപ്പോൾ അഭയം തേടിയിരിക്കുന്നത്. സംഭവത്തിൽ പൊലിസ് സ്റ്റേഷനിലും ജില്ലാ പൊലിസ് സൂപ്രണ്ടിനും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
എന്നാൽ ഇതുവരെ അന്വേഷണം ഉൾപ്പടെയുള്ള യാതൊരു നിയമനടപടിയും ആരംഭിച്ചിട്ടില്ലെന്ന് പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് (പിസിഎ) ആരോപിച്ചു.
സാമൂഹിക പ്രവർത്തകനും പിസിഎ കൺവീനറുമായ സൈമൺ ദിഗ്ബാൽ തണ്ടിയുടെ ഇടപെടലിലും ഏകോപനത്തിലും കുടുംബം ഇപ്പോൾ സുരക്ഷിതമായ ഒരു കേന്ദ്രത്തിലാണ് കഴിയുന്നത്.
17ന് കുടുംബത്തെ സന്ദർശിച്ച അദ്ദേഹം, വീടുതകർക്കലും കുടിയിറക്കലും ഉൾപ്പടെയുള്ള ദുരനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടും വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ കുടുംബാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരോടൊപ്പം പ്രാർഥിക്കുകയും ചെയ്തു.
കുടിയിറക്കപ്പെട്ടു ദുരിതത്തിലായ കുടുംബത്തിന്റെ സുരക്ഷ, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാൻ എല്ലാവരും പ്രാർഥിക്കുകയും പിന്തുണ നൽകുകയും ചെയ്യണമെന്ന് പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് അഭ്യർഥിച്ചു.