ന്യൂഡൽഹി: ക്രൈസ്തവരുടെ ആഘോഷദിനങ്ങൾ പ്രവൃത്തിദിനമാക്കുന്നത് അപലപനീയമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ).
കേന്ദ്രസർക്കാരായാലും സംസ്ഥാന സർക്കാരുകളായാലും ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നതാണെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ.മാത്യു കോയിക്കൽ പറഞ്ഞു.
ഈസ്റ്ററും ക്രിസ്മസും ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുന്ന ദിനങ്ങളാണ്. എന്നാൽ ഈ ദിവസങ്ങൾ പ്രവൃത്തിദിനമാക്കാൻ കേന്ദ്രസർക്കാരിനും ചില സംസ്ഥാന സർക്കാരുകൾക്കും എന്തെന്നില്ലാത്ത തീക്ഷ്ണതയാണെന്നും അദ്ദേഹം ആരോപിച്ചു.
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിനങ്ങളായി ആചരിക്കുന്ന വിശുദ്ധ വാരത്തിൽ കേരളത്തിൽ തെരഞ്ഞെടുപ്പു പരിശീലനവും ഡ്യൂട്ടിയും ക്രമീകരിച്ചിരിക്കുന്നതിനെയും സിബിസിഐ കുറ്റപ്പെടുത്തി.
ഇത്തരം നടപടികൾ വിശ്വാസജീവിതത്തിനുമേലുള്ള കടന്നുകയറ്റമാണ്. ഇതിൽനിന്നു പിന്മാറാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്നും ഫാ. ഡോ. മാത്യു കോയിക്കൽ ആവശ്യപ്പെട്ടു.