കൊച്ചി: ഉത്തരേന്ത്യയിൽ ക്രൈസ്തവ മിഷനറിമാർ മതപരിവർത്തനം നടത്തുന്നുവെന്നത് വസ്തുതാവിരുദ്ധമായ ആരോപണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മിഷനറിമാർ മതപരിവർത്തനം നടത്തിയിരുന്നെങ്കിൽ ഇന്നു രാജ്യത്തെ ക്രൈസ്തവജനസംഖ്യ ഇത്രയും ന്യൂനപക്ഷമായി തുടരുമായിരുന്നില്ലല്ലോ. രാജ്യത്തെ ക്രൈസ്തവരുടെ എണ്ണം കുറയുകയാണു ചെയ്തത്.
മതംമാറ്റം എന്നതു വർഗീയവാദികളുടെ തെറ്റായ പ്രചാരവേലയാണ്. ആരെയും ദ്രോഹിക്കാതെ പാവങ്ങളുടെ നന്മയെക്കരുതി മാത്രമാണു മിഷനറിമാർ സേവനം ചെയ്യുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ക്രിസ്മസ് നാളുകളിൽ ക്രൈസ്തവർക്കുനേരേ അക്രമങ്ങളുണ്ടായ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ, അത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാകണമെന്നാവശ്യപ്പെട്ട് അവിടത്തെ മുഖ്യമന്ത്രിമാർക്ക് താൻ കത്തെഴുതുമെന്നും സതീശൻ പറഞ്ഞു.
2028നു ശേഷം മഴക്കാലം വരുന്പോൾ പേടിതോന്നും പോലെ, ക്രിസ്മസ് കാലമാകുന്പോൾ ഉത്തരേന്ത്യയെക്കുറിച്ചോർത്തു ഭയമാണ്. ക്രിസ്മസ് ആഘോഷ അവസരങ്ങളിലാണു ക്രൈസ്തവ മിഷനറിമാർക്കും വിശ്വാസികൾക്കും നേരേ വർഗീയവാദികൾ അക്രമം അഴിച്ചുവിടുന്നത്.
മിഷനറിയായിരുന്ന സ്റ്റാൻ സ്വാമി ജയിലിൽ പീഡനമേറ്റാണു മരിച്ചത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇതുപോലെ ക്രൈസ്തവ മിഷനറിമാർക്കു വലിയ വെല്ലുവിളികളും പീഡനങ്ങളും നേരിടേണ്ടിവരുന്നുണ്ടെന്നും കൊച്ചിയിൽ ‘ഫേസ് ഓഫ് ദ ഫേസ്ലെസ്’ സിനിമയുടെ വിജയാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.