ചേർത്തല: ക്രിസ്മസ് ആഘോഷം വർണാഭമാക്കാൻ സ്വന്തമായി കേക്ക് നിർമിച്ചും കേക്കുണ്ടാക്കാൻ പരിശീലനം നൽകിയും ചേർത്തല ബിആർസി ഓട്ടിസം സെന്ററിലെ വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും.
തിങ്കളാഴ്ച ഓട്ടിസം സെന്ററിൽ നടക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും വിതരണം ചെയ്യുന്നതിനുവേണ്ടിയാണ് കേക്ക് സ്വന്തമായി നിർമിക്കാൻ തീരുമാനിച്ചത്. ഇതിനായി ചേർത്തല ഗവ. ബോയ്സ് ഹൈസ്കൂളിലെ ക്രിയേറ്റീവ് കോർണറിൽ പ്രത്യേകം തയാറാക്കിയ ടേബിളിലാണ് കേക്ക് നിർമാണം നടത്തിയത്.
ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് കേക്ക് നിർമിച്ചതും ഒപ്പം രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും കേക്ക് നിർമാണ പരിശീലനം നൽകിയതും. ഭാവിയിൽ ഓട്ടിസം സെന്ററിലെ രക്ഷാകർത്താക്കൾക്ക് കേക്ക് നിർമിച്ച് വരുമാനം കണ്ടെത്തുന്നതിനുള്ള മാർഗമാക്കി മാറ്റാനുള്ള ശ്രമം കൂടിയാണ് പരിശീലനമെന്ന് ചേർത്തല ബിആർസി ബിപിസി ടി.ഒ. സൽമോർ പറഞ്ഞു.
ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളായ പി.എം. വിമൽ കുമാർ, കെ. ഷെഫ്ന, ആർ. അക്ഷര, യു. ഹരികൃഷ്ണൻ, എസ്. അഭയ് കൃഷ്ണ എന്നിവരാണ് കേക്ക് നിർമാണത്തിനു പരിശീലനം നൽകിയത്. പിടിഎ പ്രസിഡന്റ് കെ. മനോജ്, അധ്യാപകരായ ഇ.ഡി. മേരിദയ, എ. രമ്യ, സോഫിയ, ലക്ഷ്മി, മഞ്ജുഷ എന്നിവർ നേതൃത്വം നൽകി.