ഷിക്കാഗോ: ക്രിസ്മസ് ആഘോഷങ്ങളുടെ വരവറിയിച്ച് ഷിക്കാഗോ നഗരം ഒരുങ്ങുന്നു. നഗരത്തിലെ 113-ാമത് ഔദ്യോഗിക ക്രിസ്മസ് ട്രീ ലൈറ്റിംഗ് ചടങ്ങ് ഈ മാലം 20ന് വൈകുന്നേരം ആറിന് മില്ലേനിയം പാർക്കിൽ നടക്കും.
സംഗീതപരിപാടികൾ, കലാപ്രകടനങ്ങൾ, ക്രിസ്മസ് ഗാനങ്ങൾ, വെടിക്കെട്ട് എന്നിവയോടെ നടക്കുന്ന ആഘോഷത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ഏകദേശം 50 അടി ഉയരമുള്ള നോർവേ സ്പ്രൂസ് മരമാണ് ഇത്തവണത്തെ ഔദ്യോഗിക ക്രിസ്മസ് ട്രീ. വൈകുന്നേരം 6.30ന് മരത്തിൽ ദീപങ്ങൾ തെളിയിക്കും. തുടർന്ന് വെടിക്കെട്ടും നടക്കും. പ്രവേശനം സൗജന്യമാണ്.
ഈ മാസം 20 മുതൽ 22 വരെ മില്ലേനിയം പാർക്ക് ഹോളിഡേ മാർക്കറ്റും നടക്കും. 40ലധികം വ്യാപാരികളും കരകൗശല നിർമാതാക്കളും പങ്കെടുക്കുന്ന വിപണിയിൽ ക്രിസ്മസ് സമ്മാനങ്ങൾ, അലങ്കാരവസ്തുക്കൾ, ഭക്ഷണവിഭവങ്ങൾ എന്നിവ ലഭ്യമാകും.
ഇതോടൊപ്പം പ്രശസ്തമായ മക്കോർമിക് ട്രിബ്യൂൺ ഐസ് റിങ്കും പുതിയ സീസണിനായി തുറക്കും. ഈ മാസം 21ന് മിഷിഗൺ അവന്യൂവിൽ 35-ാമത് മാഗ്നിഫിസന്റ് മൈൽ ലൈറ്റ്സ് ഫെസ്റ്റിവലും നടക്കും.
200ലധികം മരങ്ങളിൽ ദീപങ്ങൾ തെളിയിക്കുന്നതിനൊപ്പം വർണാഭമായ പരേഡ്, സംഗീതപരിപാടികൾ, വെടിക്കെട്ട് എന്നിവയും ഉണ്ടായിരിക്കും. ഡിസ്നി കഥാപാത്രങ്ങളായ മിക്കി മൗസും മിന്നി മൗസും പങ്കെടുക്കുന്ന പരേഡ് വൈകുന്നേരം 5.30ന് ആരംഭിക്കും.
മില്ലേനിയം പാർക്കിന് സമീപമുള്ള ഡാലി പ്ലാസയിൽ പരമ്പരാഗത ജർമൻ ക്രിസ്മസ് വിപണിയായ ക്രിസ്റ്റ്കിൻഡിൽമാർക്കറ്റും ഈ മാസം 20ന് ആരംഭിക്കും. ഡിസംബർ 24 വരെ വിപണി പ്രവർത്തിക്കും. ഡിസംബറിൽ വിവിധ സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ ക്രിസ്മസ് ഗാനാലാപന പരിപാടികളും നടക്കും.
തിരക്ക് കണക്കിലെടുത്ത് സന്ദർശകർ നേരത്തെ എത്തണമെന്നും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഷിക്കാഗോയുടെ ക്രിസ്മസ് ട്രീ ലൈറ്റിംഗ് പാരമ്പര്യം നഗരത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ്.
ഇത്തവണയും ഷിക്കാഗോയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേർ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.