ബർലിൻ: ജർമൻ തലസ്ഥാനമായ ബർലിനിൽ ഭിന്നലിംഗക്കാർ നടത്തുന്ന ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേയുടെ ഭാഗമായി സംഘടിപ്പിച്ച പ്രൈഡ് മാർച്ചിലേക്കു വാൻ പാഞ്ഞുകയറി ഒരു സ്ത്രീ കൊല്ലപ്പെട്ടു.
30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ എട്ടു പേർക്കു ഗുരുതര പരിക്കേറ്റുവെന്നു അധികൃതർ അറിയിച്ചു. ഇസ്ലാമിക ഭീകരാക്രമണമാണു നടന്നതെന്നു പോലീസ് അറിയിച്ചു. ലബനനീസ് വംശജനായ ജർമൻ പൗരൻ അബ്ദുൾ ബല്ലൂദ് (21) ആണ് അക്രമി.
ശനിയാഴ്ച പ്രൈഡ് മാർച്ച് കടന്നുപോയ വഴിയോടുചേർന്നുള്ള ടീയർഗാർട്ടൻ പാർക്കിലേക്കു രാത്രി പത്തുമണിയോടെ ഒരു വെള്ള വാൻ അതിവേഗത്തിൽ പാഞ്ഞുകയറി ആളുകളെ ഇടിച്ചതിനു ശേഷം മരത്തിലിടിച്ചു നിൽക്കുകയായിരുന്നു. ഇതിനു ശേഷം അക്രമി കത്തിയുമായി ആളുകളുടെ ഇടയിലേക്കു പാഞ്ഞടുത്തു. ചിലർക്കു കുത്തേറ്റതായി സംശയമുണ്ടെന്നും ഇതിൽ വ്യക്തത വരാൻ ദൃക്സാക്ഷി മൊഴികളും തെളിവുകളും പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
സംഭവസമയത്ത് 2200 പോലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു.സംഭവത്തിന് പിന്നാലെ പ്രൈഡ് മാർച്ചിനുശേഷമുള്ള സംഗീതപരിപാടി പോലീസ് റദ്ദാക്കി. ബർലിനിലെ ചില തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളുമായി പ്രതിക്കു ബന്ധമുണ്ടെന്ന് പോലീസ് വക്താവ് ഫ്ളോറിയൻ നാഥ് പറഞ്ഞു.
യൂറോപ്പിലെ ഭിന്നലിംഗക്കാരുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ പരേഡിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ശനിയാഴ്ച ബെർലിനിലെത്തിയത്. സംഭവത്തിൽ ബർലിൻ മേയർ കയ് വെഗ്നർ അഗാധ ദുഃഖം രേഖപ്പെടുത്തി.