ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറതട്ട് ഉണ്ണിമിശിഹാ പള്ളിയുടെ 38-ാം നമ്പർ കല്ലറ തുറന്നപ്പോൾ ദുരൂഹ സാഹചര്യത്തിൽ രണ്ടാമതൊരു മൃതദേഹം കൂടി ഉണ്ടെന്ന സംശയത്തിൽ ബന്ധുക്കളെ കണ്ടെത്തി സ്ഥിരീകരണം നടത്തി പോലീസ്.
മൃതദേഹത്തിന് സമാനമായ മറ്റൊരു വസ്തു കാണപ്പെട്ടതിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്ന് മൃതദേഹമാണെങ്കിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെ സ്വീകരിക്കാൻ പള്ളി അധികൃതർ പോലീസിൽ പരാതി നൽകി.
ഒരേസമയം ഒരു മൃതദേഹം മാത്രമേ പള്ളി കല്ലറകളിൽ സംസ്കരിക്കാൻ പാടുള്ളൂ. കല്ലറ തുറന്നപ്പോൾ രണ്ട് മൃതദേഹങ്ങൾ പോലെ തോന്നിക്കുന്ന വസ്തുക്കൾ കണ്ടതാണ് സംശയത്തിന് വഴിവച്ചത്.
പരാതി സ്വീകരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു തുടർനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ത്തിന് നേതൃത്വം നൽകുന്ന കരിക്കോട്ടക്കരി പ്രിൻസിപ്പൽ എസ്ഐ എം.ജെ. ബെന്നി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പള്ളി അധികൃതർക്കും വിശ്വാസികൾക്കുമുള്ള സംശയം പൂർണമായും നീക്കുന്നതിനാണ് ശാസ്ത്രീയ അന്വേഷണത്തിനായി പരാതി നൽകുന്നതെന്ന് ഇടവക വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഈ മാസം 13ന് ഇടവകയിൽ മരിച്ച ഒരാളെ സംസ്കരിക്കുന്നതിനായി 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് ഒരു മൃതദേഹം പെട്ടിയിൽ അടക്കം ചെയ്ത നിലയിലും മറ്റൊന്ന് മൃതദേഹം എന്ന് തോന്നിക്കുന്ന രീതിയിൽ പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിലും കണ്ടെത്തിയത്.
വിശ്വാസ പ്രകാരം മൃതദേഹം പായയിൽ പൊതിഞ്ഞു സംസ്കരിക്കില്ല എന്നതാണ് ദുരൂഹതയ്ക്കും ആശങ്കയ്ക്കും വഴി വച്ചത്. 2019ൽ പള്ളിയും കല്ലറകളും നവീകരിച്ചിരുന്നു. ഈ സമയത്ത് കല്ലറയുടെ ക്രമ നമ്പറുകളിലും മാറ്റം വരുത്തിയിരുന്നു. 2006ലും 2015ലും രണ്ട് മൃതദേഹങ്ങൾ ഈ കല്ലറയിൽ അടക്കം ചെയ്തിരുന്നു.
പഴയ നമ്പർ പ്രകാരം 23-ാം നമ്പർ കല്ലറയാണ് പുനഃക്രമീകരണത്തിൽ 38-ാം നമ്പർ കല്ലറയായി മാറിയത്. പള്ളിയിലെ മരണ രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ പള്ളി അധികൃതരും പോലീസും നടത്തിയ അന്വേണത്തിൽ ഈ രണ്ടു കുടുംബങ്ങളിലെയും ബന്ധുക്കളെ എത്തിച്ച് അടക്കം ചെയ്ത കല്ലറ സ്ഥിരീകരിച്ചിരുന്നു.