കോട്ടയം: മാനേജ്മെന്റ് ഗുരു എന്നറിയപ്പെടുന്ന രാജ്യത്തെ മുന്‍നിര മാനേജ്മെന്റ് വിദഗ്ധനും അധ്യാപക പ്രതിഭയുമായ പ്രഫ. ജെ. ഫിലിപ്പിന് കത്തോലിക്കാ സഭയുടെ സമുന്നത ബഹുമതി ഷെവലിയര്‍ പദവി. നവതിയോട് അടുക്കുന്ന പ്രായത്തിലും പുത്തന്‍ കാഴ്ചപ്പാടുകളുമായി കര്‍മനിരതനാണ് ഫിലിപ്പ് സാര്‍.
മാനേജ്മെന്റ് പഠന പരിശീലനരംഗത്തെ വിഖ്യാത സ്ഥാപനമായ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പിന്റെ (സൈം) സ്ഥാപകനായ ജെ. ഫിലിപ്പ് അടിയുറച്ച കത്തോലിക്കാ വിശ്വാസിയും ഉത്തമ സഭാസ്നേഹിയുമാണ്.
ചങ്ങനാശേരി എസ്ബി കോളജില്‍നിന്ന് ബിരുദവും എറണാകുളം മഹാരാജാസ് ലോ കോളജില്‍നിന്ന് നിയമ ബിരുദവും നേടിയശേഷമാണ് ജാംഷഡ്പൂരില് അമേരിക്കയില്‍നിന്നുള്ള ഈശോസഭാ വൈദികരുടെ സേവ്യര്‍ ലേബര്‍ റിലേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തെക്കുറിച്ച് ഇദ്ദേഹം അറിയുന്നത്.
അവിടെ ഹ്യൂമന്‍ റിസോഴ്സ് വിഷയത്തില്‍ പഠനം പൂര്‍ത്തിയാക്കി മടങ്ങാന്‍ തുടരുമ്പോഴാണ് ഈ സ്ഥാപന മേധാവികള്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളിലേക്ക് ഫിലിപ്പിനെ അയച്ചത്. ജാംഷഡ്പൂരില് ഈശോസഭയ്ക്ക് എംബിഎ കോഴ്സ് തുടങ്ങുകയായിരുന്നു ലക്ഷ്യം. അമേരിക്കയില്‍ പഠിച്ച് മടങ്ങിവന്നശേഷമാണ് 1968ല്‍ ജാംഷഡ്പൂരിലെ എക്സ്എല്‍ആര്‍ഐയില്‍ എംബിഎ തുടങ്ങിയത്. അങ്ങനെ ജെ. ഫിലിപ്പ് അവിടെ അധ്യാപകനായി.
പിന്നീട് 1971ല്‍ റാഞ്ചിയില്‍ സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യ (സെയില്‍)യില്‍ അവരുടെ മാനേജ്മെന്റ് ഡെവലപ്മെന്റ് സെന്ററിന്റെ പ്രിന്‍സിപ്പലായി. സ്റ്റീല്‍ അഥോറിട്ടിയുടെ വ്യവസായ യൂണിറ്റുകളിലെ മാനേജര്‍മാര്‍ക്ക് കാലോചിത തുടര്‍പരിശീലനം നല്കുന്ന സ്ഥാപനം. അവിടെ രണ്ടേകാല്‍ ലക്ഷം ജീവനക്കാരുള്ള സ്റ്റീല്‍ അഥോറിട്ടിയിലെ പന്തീരായിരം മാനേജര്‍മാര്‍ക്ക് ഇദ്ദേഹം മാനേജ്മെന്റില്‍ ഉന്നതപരിശീലനം നല്കി.
1980 മുതല്‍ 1985 വരെ ഒബ്രോയി ഗ്രൂപ്പിന്റെ ഹ്യൂമന്‍ റിസോഴ്സ് വിഭാഗത്തില്‍ വൈസ്പ്രസിഡന്റായി. ഇന്ത്യയിലും ഓസ്ട്രേലിയ, ഈജിപ്ത്, സിംഗപ്പൂര്‍, ഇന്തോനേഷ്യ, കുവൈറ്റ് ഉള്‍പ്പെടെ നാല്പതിലേറെ സ്റ്റാര്‍ ഹോട്ടലുകളിലെ ഇരുപതിനായിരത്തിലേറെ ജീവനക്കാരുടെ പേഴ്സണല്‍ മേധാവിയായി ചുമതല വഹിച്ചു. തുടര്‍ന്നു കേന്ദ്ര മാനവശേഷി വകുപ്പിനു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ബംഗളുരുവിന്റെ ഡയറക്ടറായി. 1985 ഏപ്രില്‍ മുതല്‍ 1991 ജനുവരി വരെ ഈ പദവിയില്‍ പ്രവര്‍ത്തിച്ചു.
1991 മേയില്‍ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റർപ്രണര്‍ഷിപ്പിന് ബംഗളൂരുവില്‍ തുടക്കമായി. നിലവില്‍ ചെന്നൈയിലും കൊച്ചിയിലും സെന്ററുകളുണ്ട്. എല്ലായിടത്തുമായി ഒരു വര്‍ഷം അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ പ്രവേശനം തേടി ജോലി ഉറപ്പാക്കുന്നു.
ഇപ്പോഴും എല്ലാ ബാച്ചുകളിലും ഇദ്ദേഹം ഏതാനും ക്ലാസുകള്‍ എടുക്കാറുണ്ട്. അസോസിയേഷന് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് സ്കൂള്‍സിന്റെ (എഐഎംഎസ്) സ്ഥാപക പ്രസിഡന്റാണ് ജെ. ഫിലിപ്പ്. മാനേജ്മെന്റ് സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി. കൂടാതെ ദീപിക എക്സലന്‍സ് അവാര്‍ഡിനും ചങ്ങനാശേരി അതിരൂപത എക്സലന്‍സ് അവാര്‍ഡിനും അര്‍ഹനായി.
കോട്ടയം പേരൂരില്‍ ഏഴര ഏക്കര്‍ കാമ്പസില്‍ എക്സ്ഐഎംഇയുടെ സിബിഎസ്ഇ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഇദ്ദേഹം സ്ഥാപിച്ചു മികവോടെ അധ്യയനം നടക്കുന്നു. ചങ്ങനാശേരി അതിരൂപതയാണു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത്. കൈവച്ച സംരംഭങ്ങളിലൊക്കെ നൂറു മേനി വിജയം സമ്മാനിച്ച് ഫിലിപ്പിന്റെ മനസില്‍ സദാ ഊര്‍ജവും ചിന്തയില്‍ ആവേശവും സ്ഫുരിക്കുന്നു.
മാനേജ്മെന്റ് ഇദ്ദേഹത്തിന് ഒരു പഠന വിഷയം മാത്രമല്ല, പ്രായോഗിക പരിജ്ഞാനം കൂടിയാണ്. തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗം ലീലാമ്മയാണ് ഭാര്യ. മക്കള്‍: അനില്‍ ഫിലിപ്പ്, ഷീബ ഫിലിപ്പ്, പരേതയായ മരിയ ഫിലിപ്പ്.