ഫ്ലോറിഡ: കേരള മണ്ണിനോടുള്ള സ്നേഹവും ഉത്തര അമേരിക്കൻ മലയാളികളുടെ കൂട്ടായ മനസും ഒരേ വേദിയിൽ സംഗമിക്കുന്ന ഒരു സായാഹ്നമാണ് ഫൊക്കാന ഫ്ലോറിഡയിൽ ഒരുക്കുന്നത്.
ഈ മാസം 23ന് അനു സിത്താരയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ സാംസ്കാരിക സന്ധ്യ ഒരു കലാപരിപാടി മാത്രമല്ല, കേരളത്തിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് പ്രതീക്ഷയുടെ വിളക്കേകുന്ന ഭവനനിർമാണ സംരംഭത്തിനായുള്ള ഹൃദയസ്പർശിയായ കൂട്ടായ്മ കൂടിയാണ്.
ഫ്ലോറിഡയിലെ ടാമ്പയിൽ കേരള ഹൗസിംഗ് പ്രോജക്ടിന് പിന്തുണയായി ഒരുക്കുന്ന ഈ വേദിയിൽ, സംഗീതവും കലയും ചേർന്ന് ഒരു പുതിയ സാംസ്കാരിക തരംഗമാണ് ഉയരുന്നത്.
ഫ്ലോറിഡയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ വലിയ ആവേശത്തോടെയാണ് ഈ പരിപാടിയെ സ്വാഗതം ചെയ്യുന്നത്. പരിപാടി ഇതിനകം തന്നെ ശ്രദ്ധേയമായ ജനപിന്തുണ നേടിക്കഴിഞ്ഞിരിക്കുകയാണ്.
ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം കേരള ഹൗസിംഗ് പ്രോജക്ടിലേക്ക് വിനിയോഗിച്ച് സമൂഹത്തിന് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയിലാണ് സംഘാടകരുടെ സമീപനം.
വിവിധ മലയാളി അസോസിയേഷനുകളുടെ ശക്തമായ പിന്തുണയും ഈ സംരംഭത്തെ കൂടുതൽ ജനകീയമാക്കുന്നു. പരിപാടിയുടെ പ്രത്യേകതയായി അറേബ്യൻ പരമ്പരാഗത മിസ്റ്റിക്കൽ ഡാൻസ് അവതരണങ്ങളും കേരളീയ ഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഡിജെയും മറ്റു കലാപരിപാടികളും ചേർന്ന് ടാമ്പയെ ഒരു വലിയ മലയാളി സംഗമവേദിയാക്കും. എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.