വത്തിക്കാൻ സിറ്റി: സിനിമ വെറുമൊരു വിനോദോപാധി മാത്രമല്ലെന്നും മനുഷ്യന്റെ ആത്മീയ സാഹസികതയുമായി അനുസ്യൂതം അതു ബന്ധപ്പെട്ടിരിക്കുന്നുവെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
സിനിമയുടെ ഏറ്റവും വിലയേറിയ സംഭാവനകളിലൊന്ന് പ്രേക്ഷകനെ തന്നിലേക്കുതന്നെ മടങ്ങാൻ സഹായിക്കുക, സ്വന്തം അനുഭവത്തിന്റെ സങ്കീർണതയെ പുതിയ കണ്ണുകളോടെ കാണാൻ സഹായിക്കുക എന്നിവയാണ്. അപ്രകാരം സിനിമ മനുഷ്യന്റെ പ്രത്യാശയെപ്പോലും ചലനാത്മകമാക്കുന്നുവെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
2025 പ്രത്യാശയുടെ ജൂബിലിവർഷത്തോടനുബന്ധിച്ച് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ സിനിമാലോകത്തെ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. 1895 ഡിസംബർ 28ന് പാരീസിൽ ലൂമിയർ സഹോദരങ്ങൾ ആദ്യമായി സിനിമ പൊതുപ്രദർശനം നടത്തിയതിന്റെ 130-ാം വാർഷികം പ്രമാണിച്ചുകൂടിയായിരുന്നു, ആഗോളതലത്തിൽ സിനിമാലോകത്ത് പ്രവർത്തിക്കുന്നവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്.
സിനിമാലോകത്തിന് മനുഷ്യരാശിയുടെ ജീവിതത്തിൽ കൂടുതൽ ആഴത്തിലുള്ള യാഥാർഥ്യങ്ങൾ പ്രകടമാക്കാൻ കഴിഞ്ഞുവെന്നും ജീവിതത്തെക്കുറിച്ച് കൂടുതൽ ധ്യാനിക്കാനും മനസിലാക്കാനും മഹത്വവും ദുർബലതയും തിരിച്ചറിയാനും ഗൃഹാതുരത്വത്തെ വ്യാഖ്യാനിക്കാനും സാധിച്ചുവെന്നും ആമുഖമായി മാർപാപ്പ പറഞ്ഞു.
ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് മനുഷ്യനെ പ്രവേശിപ്പിക്കാൻ സിനിമ എന്ന കല വളരെ വലിയ പങ്കു വഹിക്കുന്നു. സിനിമാശാലകൾ, തിയറ്ററുകൾ തുടങ്ങിയ സാംസ്കാരിക ഘടനകൾ നമ്മുടെ പ്രദേശങ്ങളുടെ ഹൃദയമിടിപ്പാണ്. കാരണം, അവ അവയുടെ മാനുഷികവത്കരണത്തിന് സംഭാവന ചെയ്യുന്നു. എന്നാൽ, ഇന്നത്തെ ആധുനിക സംവിധാനങ്ങൾ ജീവിതത്തിൽ സ്വാധീനം ചെലുത്തുമ്പോൾ, ആധികാരികമായ സിനിമകൾ നമ്മെ ആശ്വസിപ്പിക്കുക മാത്രമല്ല, വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
മികച്ച സിനിമ, വേദനയെ ചൂഷണം ചെയ്യുന്നില്ല. അത് അവയെ അനുഗമിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുവെന്നു പറഞ്ഞ മാർപാപ്പ, മനുഷ്യന്റെ അന്തസ് സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സിനിമകളുടെ ആധികാരികത വീണ്ടെടുക്കാൻ ഏവരെയും ആഹ്വാനം ചെയ്തു. സിനിമയുടെ പിന്നണിയിൽ അറിയപ്പെടാതെ പ്രവർത്തിക്കുന്നവരെക്കുറിച്ചും മാർപാപ്പ എടുത്തുപറഞ്ഞു.
അർഥം തേടുന്നവരുടെ ഭവനമായും സമാധാനത്തിന്റെ ഭാഷയായും സിനിമ എന്നും ഒരു സംഗമ സ്ഥലമായിരിക്കട്ടെയെന്നും മാർപാപ്പ ആശംസിച്ചു. ഇന്നലെ രാവിലെ നടന്ന കൂടിക്കാഴ്ചയിൽ പ്രമുഖ ഹോളിവുഡ് താരങ്ങളുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നടീനടന്മാർ, സംവിധായകർ, നിർമാതാക്കൾ, തിരക്കഥാകൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്തു.