Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cinematography

മലയാളത്തെ മാസ് കാണിച്ച കാമറക്കണ്ണുകള്‍ ഇനിയില്ല; ഷാജികുമാര്‍ വിടപറയുമ്പോള്‍

കൊച്ചി: ഛായാഗ്രാഹകന്‍ ഷാജി കുമാറിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലില്‍ സിനിമാലോകം. സിനിമാ സെറ്റില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുലിമുരുകന്‍, നരന്‍, ഒടിയന്‍ തുടങ്ങി അമ്പതിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. അതിമനോഹരം എന്ന പുതിയ സിനിമ അടുത്ത മാസം അവസാനം പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.

ദിലീപ് നായകനായ പുതിയ ചിത്രത്തിന്‍റെ ഷൂട്ട് കഴിഞ്ഞ് ശനിയാഴ്ച രാത്രി ആലപ്പുഴയിലെ ഹോട്ടല്‍ മുറിയിലെത്തിയപ്പോഴാണ് ഷാജി കുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്.

ചിത്രത്തിന്‍റെ സംവിധായകന്‍ ഉല്ലാസ് കൃഷ്ണയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന ഷാജി കുമാര്‍ ആരോഗ്യം വീണ്ടെടുത്തിരുന്നുവെങ്കിലും ഇന്നലെ രാത്രി വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു. ശുചിമുറിയില്‍ പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

2001ല്‍ ആണ് ഷാജി കുമാര്‍ സിനിമയിലെത്തുന്നത്. ഉത്തമന്‍ ആയിരുന്നു ആദ്യ ചിത്രം. ഉത്തമന്‍ തിയേറ്ററുകളിലേക്ക് എത്താനിരിക്കെ മകന്‍റെ സിനിമാമോഹത്തിനൊപ്പം നിന്ന അമ്മ വേര്‍പിരിഞ്ഞു. പിന്നീട് മലയാള സിനിമയിലെ മികച്ച പല ചിത്രങ്ങളുടെയും ദൃശ്യ വിസ്മയം ഒരുക്കി. ഷാജിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായ പുലിമുരുകന്‍ കാണാതെ ആയിരുന്നു ഭാര്യ സ്മിതയുടെ വിയോഗം.

ഷാജി കൈലാസ്, ജോഷി, വിനയന്‍, വൈശാഖ്, തരുണ്‍ മൂര്‍ത്തി തുടങ്ങിയ മുന്‍നിര സംവിധായകരുടെ പ്രിയപ്പെട്ട ഛായാഗ്രാഹകനായിരുന്നു. നസ്രാണി, റോബിന്‍ഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിംഗ് മാസ്റ്റര്‍, മല്ലു സിംഗ്, പത്തൊമ്പതാം നൂറ്റാണ്ട്, ബാന്ദ്ര, തുടരും തുടങ്ങിയ സിനിമകളുടെയും ഛായാഗ്രാഹകനായിരുന്നു.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി സിനിമയില്‍ സജീവമായിരുന്നു. മോഹന്‍ലാല്‍ - തരുണ്‍ മൂര്‍ത്തി ചിത്രമായ അതിമനോഹരം, സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ എന്നിവയാണ് അവസാനം ഒരുക്കിയ സിനിമകള്‍.

തിരുവനന്തപുരം സ്വദേശിയായ ഷാജികുമാര്‍ ദീര്‍ഘനാളായി പെരുമ്പാവൂരിലാണ് താമസിക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പൊതുദര്‍ശനം. വൈകിട്ട് ഏഴിന് പെരുമ്പാവൂരിലെ വീട്ടുവളപ്പില്‍ സംസ്‌കാരം. മക്കള്‍: ആര്യന്‍, സൂര്യന്‍.

Latest News

Corehub Up