തൃപ്പൂണിത്തുറ: സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തും ശ്രീനിവാസന്റെ മനസിലെ പച്ചപ്പായിരുന്നു കൃഷി. എറണാകുളം ഉദയംപേരൂരിലെ കണ്ടനാട് കൃഷിക്കിണങ്ങിയ സ്ഥലം വാങ്ങി താമസം ആരംഭിച്ചതിനു പിന്നിലും ഈ കൃഷിമോഹമായിരുന്നു.
ടെറസിലായിരുന്നു ആദ്യകൃഷി. പിന്നീട് തരിശു കിടന്ന പാടത്തേക്ക് വിപുലപ്പെടുത്തി. ശ്രീനിവാസന്റെ കൃഷിസംരംഭം അറിഞ്ഞതോടെ പഞ്ചായത്തും കൃഷി ഓഫീസറും സഹായങ്ങളുമായെത്തി.
കുമ്പളങ്ങ, മത്തന്‍, കോവല്‍, പടവലം, വെണ്ട, പയര്‍, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ കണ്ടനാടും വൈക്കത്ത് വാഴ, പടവലം തുടങ്ങിയവയും മറയൂരില്‍ കാരറ്റ്, കാബേജ് എന്നിവയും പാലക്കാടും ആലത്തൂരുമൊക്കെയായി നെല്ലും അമരയും കൊത്തമരയുമായിരുന്നു കൃഷി. രാസവളങ്ങളെ പാടെ മാറ്റിനിര്‍ത്തിയ ശ്രീനിവാസന് ജൈവ കൃഷിയായിരുന്നു എല്ലാ കൃഷിയിലും അവലംബിച്ചത്.
കൃഷി പുരോഗമിച്ച് ഉത്പാദനം വര്‍ധിച്ചതോടെ വില്പനയ്ക്കായി ഉദയശ്രീ ഓര്‍ഗാനിക് ഗ്രൂപ്പ് തുടങ്ങിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തി. ഇടയ്ക്കു കൃഷിയില്‍ നഷ്ടം വന്നതോടെ കൂടെയുണ്ടായിരുന്ന ചിലര്‍ പിന്മാറിയതിനാല് കണ്ടനാട് മാത്രമാക്കി കൃഷി പരിമിതപ്പെടുത്തി. പിന്നീട് കണ്ടനാട് കര്‍ഷക കൂട്ടായ്മ എന്നപേരില്‍ കൃഷി ആരംഭിച്ചു.
രണ്ടേക്കറില്‍ തുടങ്ങിയ നെല്‍കൃഷി 102 ഏക്കറില്‍ വരെ വ്യാപിച്ചു. നെല്‍കൃഷിക്കുശേഷം പച്ചക്കറികളും സൂര്യകാന്തിയും വരെ ഇവിടെ വിളവെടുക്കുന്നുണ്ട്. ആരോഗ്യസ്ഥിതി മോശമാകുന്നതുവരെ കൃഷി ക്കൂട്ടായ്മയില്‍ ശ്രീനിവാസന് മുന്‍നിരയിലുണ്ടായിരുന്നു. ഇത്തവണ ശ്രീനിവാസനു പകരം മകന് ധ്യാന്‍ ആണു കൃഷിക്കിറങ്ങിയത്.
കലയോടൊപ്പം കൃഷിയെ സ്നേഹിച്ച ശ്രീനിവാസന്റെ കൃഷിയിടങ്ങളിലൂടെ ജൈവകൃഷി രീതിക്ക് താരപദവിയാണു നാട്ടില്‍ ലഭിച്ചത്.