കാഞ്ഞങ്ങാട്: സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകുന്നതിനായി ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമായ പൊതുകൂട്ടായ്മ വിവരശേഖരണത്തിന് ജില്ലയിൽ തുടക്കമായി.
കണ്ണൂർ സർവകലാശാല കലോത്സവം നടക്കുന്ന പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെത്തിയ വിദ്യാർഥികളിൽ നിന്നും യുവജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും തേടിക്കൊണ്ടാണ് വിവരശേഖരണം നടത്തിയത്.
കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ പരിപാടിയുടെ ബ്രോഷറും മുഖ്യമന്ത്രിയുടെ സന്ദേശവും കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എം.വി. രതീഷ് അധ്യക്ഷത വഹിച്ചു. നഗരസഭ യൂത്ത് കോ-ഓർഡിനേറ്റർ കൃതിക് രാജ്, കെ. പ്രണവ്, റെനീഷ്, ഹരിത എന്നിവർ നേതൃത്വം നൽകി.