ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ ടോപ് ഫൈറ്റിൽ മാഞ്ചസ്റ്റർ സിറ്റി എഫ്സിക്കു ജയം. ഹോം ഗ്രൗണ്ടിൽ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റി 2-1ന് ആഴ്സണൽ എഫ്സിയെ കീഴടക്കി. മാഞ്ചസ്റ്റർ സിറ്റിക്കായി 65-ാം മിനിറ്റിൽ എർലിംഗ് ഹാലണ്ട് ആണ് ജയം കുറിച്ച രണ്ടാം ഗോൾ നേടിയത്. റയാൻ ചെർക്കിയിലൂടെ 17-ാം മിനിറ്റിൽ ലീഡ് നേടിയ മാഞ്ചസ്റ്റർ സിറ്റിയെ, 19-ാം മിനിറ്റിൽ കായ് ഹവേർട്ട്സിലൂടെ ആഴ്സണൽ സമനിലയിൽ പിടിച്ചിരുന്നു.
ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണൽ എഫ്സിയുമായുള്ള പോയിന്റ് വ്യത്യാസം മൂന്നാക്കി കുറച്ചു. 33 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുമായി ആഴ്സണൽ എഫ്സിയാണ് ലീഗിന്റെ തലപ്പത്ത്. 32 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു.
ലിവർ, മാൻ. യുണൈറ്റഡ്
എവര്‍ട്ടണിന് എതിരേ എവേ പോരാട്ടത്തിനിറങ്ങിയ ലിവര്‍പൂള്‍ എഫ്സി സ്റ്റോപ്പേജ് ടൈമില്‍ വിര്‍ജില്‍ വാന്‍ഡിക് നേടിയ ഗോളില്‍ ജയം സ്വന്തമാക്കി.
29-ാം മിനിറ്റില്‍ മുഹമ്മദ് സലയിലൂടെ ലീഡ് നേടിയ ലിവര്‍പൂളിനെ 54-ാം മിനിറ്റില്‍ ബെറ്റൊയിലൂടെ എവര്ട്ടണ് സമനിലയില്‍ പിടിച്ചു. 90+10-ാം മിനിറ്റിലായിരുന്നു ലിവര്‍പൂളിനായി വിന്ജില് വാന്‍ഡിക്കിന്റെ വിജയഗോള്‍.
ആസ്റ്റണ്‍ വില്ല 4-3ന് സണ്ര്ലന്ഡിനെയും നോട്ടിംഗ്ഹാം ഫോറസ്റ്റ് 4-1ന് ബേണ്‍ലിയെയും തോല്‍പ്പിച്ചു. ആസ്റ്റണ്‍ വില്ലയ്ക്കായി ഒല്ലി വാറ്റ്കിന്‍സ് ഇരട്ടഗോള്‍ സ്വന്തമാക്കി.
എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സി 1-0ന് ചെല്‍സി എഫ്സിയെ തോല്‍പ്പിച്ചു. 43-ാം മിനിറ്റില്‍ മാത്യൂസ് കുന്‍ഹയുടെ വകയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയംകുറിച്ച ഗോള്‍.
33 മത്സരങ്ങളില്‍നിന്ന് 58 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നിലവിലെ ഫോം തുടര്‍ന്ന്, അടുത്ത സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ടിക്കറ്റ് കരസ്ഥമാക്കാനുള്ള തയാറെടുപ്പിലാണവര്‍.
ടോട്ടനത്തിന്റെ പതനം
ടോട്ടന്‍ഹാം ഹോട്ട്സ്പര്‍ 2026-27 സീസണ് പ്രീമിയര്‍ ലീഗില്‍ ഉണ്ടാകുമോ എന്ന ആശങ്കയില്‍. ഹോം ഗ്രൗണ്ടില്‍ ബ്രൈറ്റണുമായി 2-2 സമനിലയില്‍ പിരിഞ്ഞ ടോട്ടന്‍ഹാം, നിലവില്‍ 33 മത്സരങ്ങളില്‍നിന്ന് 31 പോയിന്റുമായി 18-ാം സ്ഥാനത്താണ്.20 ടീം ഉള്ള ലീഗിലെ അവസാന മൂന്നു സ്ഥാനക്കാര്‍ തരംതാഴ്ത്തപ്പെടും.