വടക്കഞ്ചേരി: മാലിന്യകേന്ദ്രമായി മാറിയ അണക്കപ്പാറ -ചല്ലുപടി റോഡിലെ മാലിന്യപ്രശ്നം പരിഹരിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ഹരിത കർമസേനയുടെ സഹായത്തോടെ വഴിയോരത്തെ മാലിന്യമെല്ലാം നീക്കം ചെയ്യും. ജെസിബി ഉപയോഗിച്ച് പൊന്തക്കാടുകൾ വെട്ടി വൃത്തിയാക്കും.
റോഡിൽ കാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് പറഞ്ഞു. മംഗലംഡാമിന്റെ വലതുകര മെയിൻ കനാൽ കടന്നുപോകുന്ന ഇവിടെ രണ്ടു കിലോമീറ്റർ ദൂരം വീടുകൾ കുറഞ്ഞ പ്രദേശമാണ്. ഇതിനാൽ കനാലിലേക്കും മറുഭാഗത്തെ വയലോരത്തേക്കുമായാണ് മാലിന്യചാക്കുകളും മറ്റും തള്ളുന്നത്.
ഏറെക്കാലമായി തുടരുന്ന സ്ഥിതിയാണിത്. മാലിന്യം കുമിഞ്ഞുകൂടി നായ്, പന്നിക്കൂട്ടങ്ങളും ഇവിടെയുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇവ കുറുകെ ചാടി അപകടങ്ങൾ ഉണ്ടാകുന്നതും നിത്യസംഭവമാണ്.
അണക്കപ്പാറ ഭാഗത്ത് പാതയോരത്ത് പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് മുന്തിയ ഇനം മാവിന്റെ ബഡ്തൈ നട്ടാണ് ക്ലീൻ പാത പദ്ധതിക്ക് തുടക്കം കുറിച്ചത്. വൈസ് പ്രസിഡന്റ് ശശികല ടീച്ചർ, പഞ്ചായത്ത് അംഗങ്ങൾ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെക്കളം, പഞ്ചായത്ത് സെക്രട്ടറി ടി.എസ്. അബിൻ, പരിസ്ഥിതി പ്രവർത്തകരായ ശിവദാസൻ, സുരേഷ് വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.