കണ്ണൂർ: മുൻമന്ത്രി വീണാ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ കെഎസ്‌യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്. പ്രവർത്തകർ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കണ്ണൂരിൽ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നുമാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകിയത്.
മുൻമന്ത്രിയും ഗൺമാനും സംഭവത്തെ പെരുപ്പിച്ചുകാണിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2026 ഫെബ്രുവരി 26-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചു എന്നായിരുന്നു കേസ്.
പ്രക്ഷോഭത്തിനിടെ കൈയാങ്കാളിയുണ്ടായതായും ഈ ഘട്ടത്തിൽ മന്ത്രിക്ക് നേരിയ പരിക്കേറ്റതായും പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ സംഭവം നടക്കുമ്പോൾ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആദ്യം മൊഴി നൽകിയ ഗൺമാൻ പിന്നീട് അത് തിരുത്തി. മന്ത്രിയുടെ സമ്മർദ്ദപ്രകാരമാണ് അന്ന് ആക്രമണശ്രമമുണ്ടെന്ന തരത്തിൽ മൊഴി നൽകേണ്ടി വന്നതെന്നാണ് ഗൺമാൻ പിന്നീട് അന്വേഷണസംഘത്തിന് മൊഴി നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് വിവിധ അനുകൂല മൊഴികൾ കേസിന്‍റെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നുവെങ്കിലും നിലവിൽ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ യുഡിഎഫ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് വീണ്ടും അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഗൺമാൻ മൊഴി മാറ്റിയത്. പുതിയ അന്വേഷണ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ കേസ് നിലനിൽക്കാത്ത സ്ഥിതിയിലേക്കെത്തും.