തിരുവനന്തപുരം: ഫിഫ ലോകകപ്പ് 2026നോടനുബന്ധിച്ച് ശുചിത്വ മിഷൻ സമൂഹമാധ്യമങ്ങളിലൂടെ പ്രവചന മത്സരം സംഘടിപ്പിക്കും. ഫുട്ബോൾ ആവേശത്തോടൊപ്പം ശുചിത്വ സന്ദേശവും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
ലോകകപ്പ് ജേതാവാകുന്ന ടീമിനെ ശരിയായി പ്രവചനം നടത്തുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് 25,000 രൂപയുടെ ഒന്നാം സമ്മാനം ലഭിക്കും. കൂടാതെ, കേരളത്തിലെ 14 ജില്ലകളിൽ നിന്നായി ഓരോരുത്തർക്കും 5,000 വീതം പ്രോത്സാഹന സമ്മാനവും നൽകും.
മത്സരത്തിൽ പങ്കെടുക്കുന്നതിനായി ശുചിത്വ മിഷന്റെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യണം. തുടർന്ന് മത്സര പോസ്റ്റിൽ പേര് - ജില്ല - ലോകകപ്പ് ജേതാവായി പ്രവചിക്കുന്ന ടീം എന്ന ക്രമത്തിൽ കമന്റ് ചെയ്യുകയും, പേജിൽ പിൻ ചെയ്തിരിക്കുന്ന ശുചിത്വ സന്ദേശ പോസ്റ്റർ ലൈക്ക് ചെയ്യുകയും വേണം.
19നു വൈകുന്നേരം അഞ്ചുവരെയാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. വിശദാംശങ്ങൾ www.suchitwamission.org വെബ്സൈറ്റിലും ശുചിത്വമിഷന്റെ സ്റ്റേറ്റ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലും ലഭിക്കും.