കൊച്ചി: നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തുന്നതിനായി പൊലിസ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കൊച്ചിയിലെ ബസ് ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ പൊലിസ് പരിശോധിക്കുകയാണ്. ട്രാഫിക് പൊലിസിന്റെ നേതൃത്വത്തിലാണ് നടപടികള്‍. ആയിരത്തിലധികം വരുന്ന ബസ് ജീവനക്കാര്‍ക്ക് ഇതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇതുവരെ 800 ജീവനക്കാരാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ 600 പേരുടെ അപേക്ഷ പാസായി. മറ്റുള്ളവയില്‍ പരിശോധന നടക്കുകയാണ്. ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന പ്രത്യേക ഫോമിലാണ് ജീവനക്കാരുടെ വിവര ശേഖരണം. വിലാസം, ലൈസന്‍സ് നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവയുള്‍പ്പടെയുള്ള വിശദാംശങ്ങള്‍ ശേഖരിക്കുന്നത്.
കൊച്ചിയില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ നിയമലംഘനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ എല്ലാ സ്വകാര്യ ബസ് ജീവനക്കാര്‍ക്കും പൊലിസ് ക്ലിയറന്‍സും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കാന്‍ അടുത്തിടെ കൊച്ചി സിറ്റി പൊലിസ് സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ബസ് ജീവനക്കാര്‍ നല്കിയ അപേക്ഷയുടെ പരിശോധന നടത്തുന്നത് സ്പെഷല്‍ ബ്രാഞ്ചാണ്. ഗുരുതരമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍, ക്രിമിനല്‍ കേസ് പ്രതികളായിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും നല്‍കണം. ട്രാഫിക് പൊലിസിന് ലഭിക്കുന്ന അപേക്ഷകള്‍ സ്പെഷല്‍ ബ്രാഞ്ചിന് നല്കി അവര്‍ പരിശോധിച്ച ശേഷമാകും പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.