കല്‍പ്പറ്റ: കാര്‍ബണ്‍ സന്തുലിത കോഫി പാര്‍ക്ക്, ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതികളുമായി കേരള കോഫി ലിമിറ്റഡ് (കെസിഎല്‍) മുന്നോട്ട്.
രണ്ടു പദ്ധതികളുടെയും നിര്‍വഹണത്തിനാവശ്യമായ ശാസ്ത്രീയ പിന്തുണയ്ക്കും സാങ്കേതിക നവീകരണത്തിനും എന്‍ഐടി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കാലിക്കട്ടുമായി ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്നതിനു കെസിഎലിനു സര്‍ക്കാര്‍ അനുമതി നല്കി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ചതാണ് രണ്ടു പദ്ധതികളും. ഇവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനമാണ് ധാരണാപത്രം ഒപ്പുവയ്ക്കാനുള്ള അനുമതിയിലൂടെ പ്രകടമാകുന്നത്. സര്‍ക്കാരിനു സാമ്പത്തിക ബാധ്യതയില്ലാത്തവിധം ധാരണയില്‍ ഏര്‍പ്പെടുന്നതിനാണ് അനുവാദം.
ഉത്പാദനക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തി വയനാടന്‍ കാപ്പി അന്താരാഷ്ട്ര വിപണിയില്‍ കേരള കോഫി, വയനാട് ഫൈന്‍ ഇന്ത്യന്‍ റോബസ്റ്റ എന്നീ വാണിജ്യനാമങ്ങളില്‍ ലഭ്യമാക്കാനും അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ആവിഷ്കരിച്ചതാണു ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതി.
ഇതുമായി ബന്ധപ്പെട്ട് എന്‍ഐടി കാലിക്കട്ടുമായി ധാരണയിലെത്തുന്നതിന് ഓഗസ്റ്റ് ഏഴിനു ചേര്‍ന്ന ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതി അവലോകയ യോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് കേരള കോഫി ലിമിറ്റഡ് ഡയറക്ടര്‍ നല്കിയ അപേക്ഷയിലാണു സര്‍ക്കാര്‍ അനുമതി. ഡോ. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്ത് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന് ജി. ബാലഗോപാല്‍ മേധാവിയായി ടീം രൂപവത്കരിച്ചായിരുന്നു ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതിയുടെ പ്രാരംഭ നടപടികള്‍.
കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സിലാണ് (കെ-ഡിഐഎസി) ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നത്. പിന്നീട് കെ-ഡിഐഎസിയില്നിന്ന് വേര്‍പെടുത്തിയ പദ്ധതി കെസിഎലിന്റെ ഭാഗമാക്കി. കാലാവസ്ഥ സൗഹൃദ കാപ്പിക്കൃഷി പ്രോത്സാഹനം, മൂല്യവര്‍ധിത കാപ്പി ഉത്പന്നങ്ങളുടെ നിര്‍മാണം, വയനാടന്‍ കാപ്പിക്ക് മികച്ച വില ഉറപ്പുവരുത്തല്‍ തുടങ്ങിയവ പദ്ധതി ലക്ഷ്യങ്ങളാണ്.