സാൻ ഫ്രാൻസിസ്കോ: ലോകസിനിമയിലെ ഇതിഹാസതാരം ക്ലിന്റ് ഈസ്റ്റ്വുഡ് സിനിമാജീവിതം അവസാനിപ്പിച്ചു. 96ാം വയസിലാണ് അദ്ദേഹം വിശ്രമജീവിതത്തിലേക്കു പോകുന്നത്.
ഏഴു പതിറ്റാണ്ടിനിടെ എഴുപതിലധികം സിനിമകളിൽ അഭിനയിക്കുകയും 40തിലധികം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. സാധാരണ നടനായി തുടങ്ങി സ്വന്തം കഠിനാധ്വാനവും തനത് ശൈലിയും കൊണ്ട് ഹോളിവുഡിന്റെ സിനിമാ സംസ്കാരത്തെത്തന്നെ മാറ്റിമറിച്ച അസാധാരണ കരിയറാണ് ക്ലിന്റ് ഈസ്റ്റ്വുഡിന്റേത്. മകന് കൈല്‍ ഈസ്റ്റ്വുഡാണ് താരത്തിന്റെ വിരമിക്കല്‍ വാര്‍ത്ത സ്ഥിരീകരിച്ചത്.
◄ കൗബോയ് ചിത്രങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക്
1960കളില്‍ പുറത്തിറങ്ങിയ ഡോളേഴ്സ് ട്രിലജി എന്നറിയപ്പെടുന്ന കൗബോയ് വെസ്റ്റേണ്‍ സിനിമകളിലെ ‘പേരില്ലാത്ത മനുഷ്യന്’ എന്ന കഥാപാത്രത്തിലൂടെയാണ് ക്ലിന്റ് ഈസ്റ്റ്വുഡ് ലോകശ്രദ്ധ നേടുന്നത്. സെർജിയോ ലിയോണിയാണ് സിനിമയുടെ സംവിധായകൻ. ലോകമെങ്ങും അദ്ദേഹത്തിന് വലിയ ആരാധകരെയാണ് എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളേഴ്സ് (1964), ഫോർ എ ഫ്യു ഡോളേഴ്സ് മോർ (1965), ദ ഗുഡ്, ദ ബാഡ് ആൻഡ് ദ അഗ്ളി (1966) എന്നീ ചിത്രങ്ങൾ നേടിക്കൊടുത്തത്. ഈ സിനിമകളിലെ കഥാപാത്രം അദ്ദേഹത്തെ ഒരു ആഗോള ഐക്കണാക്കി മാറ്റി. കോട്ടും ചുണ്ടില്‍ കത്തുന്ന ചുരുട്ടുമായി നില്ക്കുന്ന അദ്ദേഹത്തിന്റെ രൂപം സിനിമാചരിത്രത്തിലെ വലിയൊരു അടയാളമാണ്. ഇറ്റാലിയന്‍ പശ്ചാത്തലത്തിലുള്ള ഇത്തരം കൗബോയ് സിനിമകള്‍ ‘സ്പഗെറ്റി വെസ്റ്റേണ്‍’ എന്നറിയപ്പെട്ടു. പിന്നീട് 20 ഓളം കൗബോയ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
◄ ഡേർട്ടി ഹാരിയായി മിന്നി
കുറ്റാന്വേഷക ഹാരിയായി അഭിനയിച്ച ഡേര്‍ട്ടി ഹാരി (1971) സിനിമകളിലൂടെയും ലോകമാകെ ക്ലിന്റ് ഈസ്റ്റ്വുഡ് എന്ന നാമം ഖ്യാതിയാര്ജിച്ചു. കൗബോയ് വേഷങ്ങളില്നിന്നു മാറി മോഡേണ്‍ ആക്ഷന്‍ സിനിമകളിലേക്ക് അദ്ദേഹം ചുവടുമാറ്റി. നിയമം കൈയിലെടുക്കുന്ന ‘ഹാരി കാലഹന്’ എന്ന പോലീസ് ഉദ്യോഗസ്ഥനായി അദ്ദേഹം തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. ഈ സീരീസിലെ അഞ്ചു സിനിമകളും വലിയ വിജയങ്ങളായിരുന്നു.
◄ സംവിധായകന്റെ കുപ്പായത്തിലും തിളങ്ങി
സ്വയം നായകനായ ‘പ്ലേ മിസ്റ്റി ഫോര്‍ മി’ (1971) എന്ന ത്രില്ലര്‍ ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 94-ാം വയസിൽ നിക്കോളാസ് ഹോള്‍ട്ടിനെ നായകനാക്കി 2024ല്‍ റിലീസ് ചെയ്ത ‘ജുറോര് 2’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ഈ കോര്‍ട്ട് റൂം ഡ്രാമ വലിയ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2021 ൽ പുറത്തിറങ്ങിയ ക്രൈ മാച്ചോയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. അഭിനയത്തേക്കാള്‍ വലിയ അംഗീകാരങ്ങളാണ് സംവിധായകന് എന്നനിലയില്‍ അദ്ദേഹത്തെ തേടിയെത്തിയത്. വളരെ വേഗത്തിലും കൃത്യമായ ബജറ്റിലും സിനിമകള്‍ പൂര്‍ത്തിയാക്കുന്ന സംവിധായകനാണ് അദ്ദേഹം.
മികച്ച നടനുള്ള ഓസ്കര് നാമനിര്‍ദേശവും മികച്ച സംവിധായകനുള്ള ഓസ്കര് പുരസ്കാരവും ഒരേ സിനിമയിലൂടെ (അൺഫോർഗിവൺ, മില്യൺ ഡോളർ ബേബി) രണ്ടുതവണ നേടിയ ചുരുക്കം ചിലരില്‍ ഒരാളാണ് അദ്ദേഹം. കൂടാതെ മിസ്റ്റിക്ക് റിവര്‍, അമേരിക്കന്‍ സ്നൈപ്പര്‍, ചെയ്ഞ്ചലിംഗ്, സള്ളി : മിറാക്കിള്‍ ഓണ്‍ ദി ഹഡ്സണ്‍ തുടങ്ങിയ നിരവധി പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങള്‍ അദ്ദേഹം സിനിമാലോകത്തിന് സമ്മാനിച്ചു.
◄ മാസ് ഡയലോഗുകളുടെ സഹചാരി
പല്ലിറുമ്മി സംസാരിക്കുന്ന ശൈലിയുണ്ടെന്ന് പറഞ്ഞ് ആദ്യകാലത്ത് അദ്ദേഹത്തിനു വലിയ വിമര്‍ശനങ്ങളെ നേരിടേണ്ടിവന്നു. പിന്നീട് ഇതേ ശൈലിയാണ് അദ്ദേഹത്തിന്റെ മാസ് ഡയലോഗുകളുടെ സിഗ്നേച്ചര്‍ ആയി മാറിയത്. അക്രമിക്ക് നേരേ തോക്കു ചൂണ്ടിക്കൊണ്ട് ‘സഡന്‍ ഇംപാക്ടി’ലെ ഹാരി കാലഗന് പറയുന്നു: “ഗോ എഹെഡ്, മേക്ക് മൈ ഡേ..’’ സിനിമാപ്രേമികള്‍ ഒരിക്കലും മറക്കാത്ത ഡയലോഗാണിത്. എക്കാലത്തെയും പ്രശസ്തമായ സിനിമാ ഡയലോഗുകളുടെ പട്ടികയില്‍ ആറാം സ്ഥാനമാണ് ആ സംഭാഷണത്തിന് അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് (എഎഫ്ഐ) നല്‍കിയത്. ഇന്‍ ദിസ് വേള്‍ഡ് ദെയര്‍ ആര് ടു കൈന്‍ഡ്സ് ഓഫ് പീപ്പിള്‍, ഫ്രന്‍ഡ് (ദ ഗുഡ്, ദ ബാഡ് ആന്‍ഡ് ദ അഗ്ലി) എന്ന ഡയലോഗ് ഇന്നും കാണികളെ രോമാഞ്ചം കൊള്ളിക്കുന്നു.
പേരില്ലാത്ത കഥാപാത്രമായി ചുണ്ടില്‍ എരിയുന്ന ചുരുട്ടുമായി കുതിരപ്പുറത്തു പ്രത്യക്ഷപ്പെട്ട ക്ലിന്റ് ഈസ്റ്റ്വുഡ് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട ദ ഗുഡ്, ദ ബാഡ് ആന്‍ഡ് ദ അഗ്ലി സിനിമയുടെ പശ്ചാത്തലത്തില്‍ മുഴങ്ങിയ ബിജിഎമ്മും ലോകപ്രശസ്തമായി. ഒരു ചൂളമടി ശബ്ദമായിരുന്നു അത്. പിന്നീട് ആ ശബ്ദം എത്രയെത്ര സിനിമകളില്‍ കേട്ടു.