കാലവർഷം പിൻവാങ്ങിയിട്ടില്ലെന്നും ഇപ്പോഴും സജീവമാണെന്നും വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങൾ പുറത്ത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്ന് ചൈനയിലേക്കു വ്യാപിച്ചുകിടക്കുന്ന 4,000 കിലോമീറ്ററോളം നീളമുള്ള അതിഭീമമായ മേഘനിരയുടെ ഉപഗ്രഹ ചിത്രമാണു പുറത്തുവന്നത്.
തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങൽ ഘട്ടത്തിലേക്ക് കടക്കുമ്പോഴും അന്തരീക്ഷത്തിൽ മൺസൂൺ പ്രക്രിയകൾ ഇപ്പോഴും സജീവമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ ദൃശ്യങ്ങൾ.
വടക്കൻ, മധ്യ ഇന്ത്യയിൽനിന്നു തുടങ്ങി ബംഗ്ലാദേശ്, മ്യാൻമർ വഴി ചൈനയിലേക്കാണ് ഈ മേഘാവരണം നീളുന്നത്. ഈർപ്പം നിറഞ്ഞ കാറ്റിന്റെ കേന്ദ്രീകരണവും ബംഗാൾ ഉൾക്കടലിലെ കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് ഇതിനു കാരണം.
തത്ഫലമായി വടക്കുകിഴക്കൻ ഇന്ത്യ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം.