ദുബായ്: ഇസ്രയേലിലെ ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പോയ ഫ്ലൈ ദുബായ് വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ ധീരമായി പ്രതിരോധിച്ച് വൻ ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. കുട്ടിക്കാലത്ത് ഒരിക്കൽ പോലും ഒരു പൈലറ്റാകാൻ ആഗ്രഹിക്കാതിരുന്ന സ്മിത്, ഇന്ന് ആഗോളതലത്തിൽ ഒരു യഥാർഥ നായകനായി വാഴ്ത്തപ്പെടുകയാണ്.
മുംബൈ ഘാട്കോപ്പർ സ്വദേശിയായ സ്മിത് മച്ചാറിന്റെ ആദ്യകാല സ്വപ്നം കുടുംബത്തിന്റെ തുണിത്തര ബിസിനസ് ഏറ്റെടുക്കുക എന്നതായിരുന്നു. ഇതിനായി ടെക്സ്റ്റൈൽ എൻജിനിയറിംഗ് കോഴ്സിനു ചേർന്ന അദ്ദേഹം മുംബൈയിലെ വെലിംഗക്കർ ഇൻസ്റ്റിറ്റ്യൂട്ടിൽ മാനേജ്മെന്റ് പഠനവും നടത്തി. എന്നാൽ 19-ാം വയസിൽ അവിടെ നടന്ന ഒരു ഏവിയേഷൻ സെമിനാറാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്.
പൈലറ്റാകാനുള്ള തീരുമാനം ആദ്യമൊക്കെ അമ്മയെ ഭയപ്പെടുത്തിയിരുന്നതായി മുന്പ് നൽകിയ ഒരു അഭിമുഖത്തിൽ സ്മിത് അനുസ്മരിച്ചിട്ടുണ്ട്. തുടർന്ന് ന്യൂസിലാൻഡിൽനിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം സ്പൈസ്ജെറ്റ് വിമാനക്കമ്പനിയിൽ ചേരുകയും 11 വർഷത്തോളം അവിടെ സേവനമനുഷ്ഠിക്കുകയും ചെയ്തു. ട്രെയിനിംഗ് ക്യാപ്റ്റൻ പദവി വരെ ഉയർന്ന അദ്ദേഹം 2022ലാണ് ഫ്ലൈ ദുബായിൽ എത്തുന്നത്. ഏകദേശം 15 വർഷത്തെ അനുഭവസമ്പത്തും 9,750 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്.
യൂണിഫോം അണിഞ്ഞാൽ ജോലിയിൽ മാത്രം ശ്രദ്ധിക്കുക, കോക്ക്പിറ്റിന് പുറത്തിറങ്ങിയാൽ ഏവിയേഷനെക്കുറിച്ച് മിണ്ടാതിരിക്കുക എന്ന നിലപാടുകാരനാണ് സ്മിത്. നിലവിൽ സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിൽ ചികിത്സയിലുള്ള സ്മിത് സുഖം പ്രാപിച്ചുവരികയാണ്.